മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ താല്‍ക്കാലിക ഇളവ് നല്കി ജില്ലാ ഭരണകൂടം. ഇതിനോടകം ആരംഭിച്ചിട്ടുള്ള റോഡ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും നിരപ്പായ ഭൂമിയിലെ വീടിനുള്ള തറ നിര്‍മ്മാണത്തിനായും, കൃഷി ആവശ്യങ്ങള്‍ക്കായും വ്യവസ്ഥകളോടെ മണ്ണ് നീക്കം ചെയ്യുന്നതിന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചത്. ചരിവുള്ള പ്രദേശങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് ഇളവ് ബാധകമല്ല. കൂടാതെ ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ്, റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിലും മണ്ണെടുക്കാന്‍ പാടില്ല. മണ്ണെടുക്കുന്നത് മൂലം മണ്ണിടിച്ചലോ, പ്രദേശവാസികളുടെ ജീവനോ സ്വത്തിനോ അപകട ഭീഷണിയോ ഉണ്ടാകരുത്. ദുരന്ത സാധ്യത ഉള്ളതോ, ചെരിവുള്ളതോ ആയ സ്ഥലങ്ങളിലും മണ്ണെടുക്കാന്‍ പാടില്ല. മണ്ണെടുക്കുന്നതിന് നിയമപ്രകാരം ലഭ്യമാകേണ്ട എല്ലാ രേഖകളും ലഭ്യമായ ശേഷം മാത്രമേ മണ്ണെടുക്കാന്‍ പാടുള്ളുവെന്നും ദുരന്തനിവാരണ നിയമപ്രകാരമുളള ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലും മണ്‍സൂണ്‍ ശക്തിപ്രാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയത്.