ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഓപ്പൺ ഫോറത്തിനു മുന്നിൽ എബിൻ പ്രതീക്ഷയോടെ കാത്തുനിന്നു. ഒടുവിൽ സദസ്സിൽ തിങ്ങിനിറഞ്ഞ ചോദ്യകർത്താക്കളിൽ നിന്നും എബിന്റെ നേരെ ഡോ.യൂസഫലി കൈനീട്ടി ആ ആവശ്യം ഏറ്റുവാങ്ങുകയായിരുന്നു, ഒരു നിയോഗം പോലെ.

നിമിഷങ്ങൾക്കുള്ളിൽ കടലിനക്കരെ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യുസഫലിയുടെ ഫോൺ കോൾ ചെന്നു. താങ്ങാനാവാത്ത ആ നോവ് ഏറ്റെടുത്ത ആ നിമിഷത്തെ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയാലണ്. അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല.

മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു പൊതുവേദിയിൽ എബിൻ ഡോ.യുസഫലിക്കു മുന്നിൽ വച്ച ആവശ്യം.ചോദ്യം കേട്ടമാത്രയിൽ സൗദിയിൽ വിളിക്കാൻ നിർദ്ദേശിച്ച യൂസഫലി ഉടൻ ആ ഖമീസ് മുഷൈത്ത് ആശുപത്രിയുമായി ബന്ധപ്പെട്ട് വിഷയം ഏറ്റെടുക്കാൻ നിർദ്ദേശം നൽകി. മുന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസം അച്ഛന്റെ ഒരു സുഹൃത്താണ് അപകടവിവരം അറിയിച്ചത്.
ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തു. അതിനു ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ വന്നിരുന്നു.

അങ്ങനെ ആരുമില്ലാത്തതാണ് എബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിത്. അച്ഛൻ അകാലത്തിൽ വിടവാങ്ങിയതിനൊപ്പം മൃതദേഹം പോലും നാട്ടിലെത്തിക്കാൻ സാധിക്കുന്നില്ല വേദന യുസഫലിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സുഹൃത്ത് സജീറാണ് ഉപദേശിച്ചതെന്ന് എബിൻ പറയുന്നു. സൗദിയിൽ ടൈൽ പണി ചെയ്യുന്ന ബാബു 11 വർഷമായി സൗദിയിലാണ്. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. ഉഷയാണ് എബിന്റെ അമ്മ. പ്ലസ് ടു വിദ്യാർഥിയായ വിപിൻ സഹോദരനാണ്.

ഓപ്പൺ ഫോറത്തിൽ വിദ്യാർഥികളും പ്രവാസികളുമടക്കം വലിയ സദസ്സാണ് പങ്കെടുത്തത്. പുതിയ തലമുറക്കു മുന്നിൽ പ്രസംഗിക്കാനല്ല അവരുമായി സംവദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അറിയിച്ച യൂസഫലി കുറഞ്ഞ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച ശേഷം സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അവസരം നൽകുകയായിരുന്നു. തന്റെ ആവശ്യം വേദിയിൽ തന്നെ യൂസഫലിക്കു മുന്നിൽ അവതരിപ്പിക്കാൻ അങ്ങനെയാണ് എബിന് അവസരമൊരുങ്ങിയത്.

യൂസഫലിയുമായി സംവദിക്കാൻ ലഭിച്ച അവസരം സദസ്സ് ആവേശത്തോടെയാണ് ഏറ്റെടുത്തത്. നോർക്ക റൂട്ട്‌സിന്റെ വൈസ് ചെയർമാൻ കൂടിയായ അദ്ദേഹത്തോടെ പ്രവാസികൾ പുനരധിവാസമടക്കമുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു ചോദ്യങ്ങൾ സശ്രദ്ധം കേട്ട് അദ്ദേഹം തൃപ്തികരമായ മറുപടികൾ നൽകി.

നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളും മറ്റു സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടു വരണമെന്ന്്അദ്ദേഹം അഭ്യർഥിച്ചു.ലോകകേരള സഭയിലെ തന്റെ അടുത്ത വേദിയിലേക്ക് നീങ്ങാൻ സമയമാകുന്നതു വരെയും സദസ്സുമായി സംവദിച്ചഅദ്ദേഹത്തെ നിറഞ്ഞ സ്‌നേഹവായ്‌പ്പോടെയാണ് പ്രവാസികൾ യാത്രയാക്കിയത്.