കോവിഡ് മഹാമാരി കാലത്ത് പ്രവാസികൾ നേരിട്ട വലിയ പ്രശ്നം ശമ്പള മോഷണം ആണെന്നും കാലാവധി കഴിഞ്ഞുള്ള ആനുകൂല്യങ്ങൾ പോലും നൽകാതെ പലരെയും പിരിച്ചു വിടുന്ന സ്ഥിതിയാണെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ. പ്രവാസികൾ വിദേശ രാജ്യങ്ങളിൽ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ മൂന്നാം ലോകകേരള സഭയുടെ ഭാഗമായി നടന്ന ചർച്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
പലരെയും കാരണം ഒന്നും ഇല്ലാതെ പിരിച്ചുവിടുകയും ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ നോർക്ക റൂട്ട്സും അതാതു എംബസികളും ഫലപ്രദമായി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരളത്തിനകത്തുള്ള പ്രവാസി സംഘടനകളെ ബന്ധപ്പെടുത്തി വിദേശത്തു പോകുന്നവർക്കു ബോധവത്കരണം നൽകിയാൽ പലരും ചതിക്കപ്പെടുന്നത് ഒഴിവാക്കാമെന്നും അഭിപ്രായമുയർന്നു.
സാധാരണക്കാരായ പ്രവാസികൾക്ക് 5 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് അനുവദിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികൾക്ക് ശരിയായ സ്പോൺസർമാർ ഇല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ ചൂഷണം തടയാൻ വെൽഫയർ ഓഫിസ് കാര്യക്ഷമമാക്കണമെന്നും അവശ്യമെങ്കിൽ നിയമ സഹായം നൽകണമെന്നും ആവശ്യമുണ്ടായി.
ജോലി നഷ്ടപെടുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ സംവിധനം വേണം. ഇതിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് എംബസികൾ ശരിയായി ഉപയോഗിക്കുന്നില്ലെന്നും ചർച്ചയിൽ ആക്ഷേപം ഉയർന്നു. പ്രവാസികളുടെ ഡാറ്റബേസ് തയ്യാറാക്കണമെന്നും ഇപ്പോഴുള്ള ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം കാര്യക്ഷമമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണമെന്നും മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിൽ എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ആർ. ബിന്ദു, ബിനോയ് വിശ്വം എം.പി ഉന്നത ഉദ്വോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.