നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ ഹൈടെക്ക് റോഡായ അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.34 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
ജൂണ്‍ അവസാനത്തോടെ റോഡിന്റെ ടാറിംഗ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ലൈന്‍ മാര്‍ക്കിങ്ങ്, ഷോള്‍ഡര്‍ ഫില്ലിങ്ങ് എന്നിവ കൂടി പൂര്‍ത്തീകരിച്ച് കാലാവസ്ഥ അനുകൂലമായാല്‍ ആഗസ്റ്റ് മാസത്തോടെ റോഡ് നാടിന് സമര്‍പ്പിക്കാനാകും.

9.40 കിലോമീറ്റര്‍ നീളത്തിലും 8 മുതല്‍ 10 മീറ്റര്‍ വരെ വീതിയിലുമാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ഹൈടെക്ക് റോഡിനൊപ്പം 29 ഓളം കലുങ്കുകളും മൂന്ന് കിലോമീറ്ററില്‍ കാനകളും മികച്ച രീതിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഴവെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാന്‍
വേണ്ട നടപടികള്‍ ടാറിംഗിന് ശേഷം സ്വീകരിക്കും.

ഗതാഗത യോഗ്യമല്ലാത്തതും വീതികുറഞ്ഞതുമായ അക്കിക്കാവ് -കടങ്ങോട് എരുമപ്പെട്ടി-റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികളുടെ
ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ സി മൊയ്തീന്‍ എംഎല്‍എ ഇടപെട്ടാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോഡിന്റെ നിര്‍മ്മാണ തടസങ്ങള്‍ ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ കഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി നല്‍കുകയും സാങ്കേതികാനുമതിക്ക് ശേഷം 2019ല്‍ കരാര്‍ നല്‍കി പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്ത റോഡാണിത്.