ആലപ്പുഴ: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍
60 വയസ്സിന് മുകളില്‍ പ്രായമുളള കരുതല്‍ ഡോസിന് അര്‍ഹരായ മുഴുവന്‍ പേരും പൊതുജനാരോഗ്യ സംവിധാനം വഴി കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജൂണ്‍ 16 മുതല്‍ നടക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ യജ്ഞത്തില്‍ 3678 പേർ കരുതല്‍ ഡോസ് സ്വീകരിച്ചു.

മറ്റ് രോഗങ്ങള്‍ ഉളളവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസുകള്‍ ഉള്‍പ്പെടെയുളള വാക്‌സിന് എടുക്കണം. 18നും 59നും ഇടയില്‍ പ്രായമുളള ആരോഗ്യപ്രവര്‍ത്തകരും കരുല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം.

കരുതല്‍ ഡോസ് എടുക്കേണ്ട മുഴുവന്‍ പേരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവര്‍ത്തകര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനാണ് നടപടി.

പാലിയേറ്റീവ് സംരക്ഷണത്തിലുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. 12-14 വയസ്സുവരെയും 15-17 വയസ്സുവരെയും ഉളളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിരിച്ചു. 12-14വയസ്സ വരെയുളളവരുടെ രണ്ടാം ഡോസ് 63 ശതമാനവും 15-17 വരെയുളളവരുടെ രണ്ടാം ഡോസ് 80 ശതമാനവും പൂര്‍ത്തിയായി. 18ന് മുകളില്‍ പ്രായമുളള 89 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 48 ശതമാനം പേർക്ക് കരുതല്‍ ഡോസ് വാക്‌സിനേഷനും നല്‍കി.