മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രഷറികൾ നവീകരണത്തിന്റെ പാതയിലാണെന്നും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആധുനിക സംവിധാനങ്ങളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെ വിവിധ തരത്തിലുള്ള വികസനങ്ങൾ വരുന്ന കേന്ദ്രമായി മട്ടന്നൂർ മാറിയെന്നും സാംസ്‌കാരികപരമായും ഭരണപരമായും വളരെ പ്രധാന്യമുള്ള സ്ഥലത്താണ് അഡീഷണൽ ട്രഷറി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി-വളവുപാറ റോഡിൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് ജില്ലാ അഡീഷണൽ ട്രഷറിക്കായി ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. പഴശ്ശി ഇറിഗേഷന്റെ കീഴിലെ 20 സെന്റ് സ്ഥലത്താണിത്. 2.3 കോടി രൂപ ചെലവിൽ പി ഡബ്ല്യു ഡി ആണ് നിർമ്മാണ പ്രവൃത്തി നടത്തിയത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ സബ് ട്രഷറികൾ, പെൻഷൻ പെയ്‌മെന്റ് സബ് ട്രഷറി തലശ്ശേരി  എന്നിവയാണ് മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിക്ക് കീഴിൽ വരുന്നവ. 2000ൽ പ്രവർത്തനം ആരംഭിച്ച ട്രഷറി വാടക കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചത്. 61 ഡിഡിഒമാർ, 1200 ഓളം പെൻഷൻകാർ, 2000ത്തോളം ഫിക്‌സഡ് ഡെപ്പോസിറ്റുകൾ എന്നിവ മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിയിൽ ഉണ്ട്.
കെ കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കോഴിക്കോട് ടി സി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സൺ അനിതാ വേണു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, കൗൺസിലർ പി റീത്ത, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, മട്ടന്നൂർ ജില്ലാ ട്രഷറി ഓഫീസർ കെ ടി ശൈലജ, വിവിധ സാമൂഹിക-രാഷ്ട്രീയ പ്രതിനിധികൾ, വിവിധ പെൻഷണേഴ്‌സ് സംഘടനാ പ്രതിനിധികൾ, ട്രഷറി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.