വെള്ളിയാകുളം ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി ബസ്റ്റോപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത് . വഴിയറിവ് വായന പദ്ധതിയിൽ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി പണിക്കർ നിർവ്വഹിച്ചു.

നിലവില്‍ 25 പുസ്തകങ്ങൾക്ക് പുറമേ ദിനപ്പത്രവും വായനയ്ക്ക് ലഭ്യമാണ്. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. വായനാ വാരത്തോടനുബന്ധിച്ച് നടത്തിയ നാട്ടുവായനക്കൂട്ടം പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് ബസ് സ്റ്റോപ്പ് ലൈബ്രറിയിൽ നല്‍കുന്നത് . സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ മേല്‍നോട്ടവും ഈ വായനശാലയ്ക്കുണ്ട്.