ഖാദി വസ്ത്ര വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ജിവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതിനും സമാഹരിക്കുന്നതിനുമാണ് സര്‍വ്വെ നടത്തുന്നത്. സര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം. ആയിഷയില്‍ നിന്ന് സര്‍വ്വേ ഫോം സ്വീകരിച്ച് എ.ഡി.എം എന്‍ ഐ ഷാജു നിര്‍വഹിച്ചു. ഖാദി ഓഫീസര്‍മാരായ മുഹമ്മദ് ബഷീര്‍,ജിബിന്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. കൈത്തറി ,ഖാദി മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വിഭാഗം ജീവനക്കാര്‍ ഖാദി ധരിക്കുന്നതിന് സജ്ജമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇത് 2 ശതമാനത്തോളം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്. ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 1 മുതല്‍ 8 വരെ 30 ശതമാനം വരെ റിബേറ്റ് നല്‍കുമെന്ന് ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ ചടങ്ങില്‍ അറിയിച്ചു.