നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് നല്ലൂര്‍നാടിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതിന്റെ ശിലാസ്ഥാപനം മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്നിരുന്നു.
പ്രീ ഫാബ് മാതൃകയില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോട് കൂടിയ ഐസൊലേഷന്‍ ബ്ലോക്ക് കെ.എം.എസ്.സി.എലാണ് നിര്‍മ്മിക്കുന്നത്. വാര്‍ഡില്‍ 10 കിടക്കകള്‍ക്കു പുറമെ എമര്‍ജന്‍സി റിഹാബിലിറ്റേഷന്‍ മുറി, സെന്‍ട്രല്‍ സെക്ഷന്‍ മെഡിക്കല്‍ ഗ്യാസ് യൂണിറ്റ് എന്നിവ ഉണ്ടാകും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം വരാതെ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് നഴ്‌സിങ് സ്റ്റേഷന്‍ നിര്‍മ്മിക്കുക. രോഗിക്ക് കിടക്കയില്‍ നിന്നു നഴ്‌സിങ് സ്റ്റേഷന്‍ കാണാന്‍ കഴിയും. 50 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള മുറി മരുന്നുകളും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.വാതിലുകളും ജനലുകളും അലൂമിനിയം യുപിവിസി ഉപയോഗിച്ച് നിര്‍മ്മിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലും രാത്രിയിലും ജോലി ചെയ്യേണ്ട ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ബാത്ത് റൂം സൗകര്യത്തോടെയുള്ള മുറിയും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് നിര്‍വഹണ ഏജന്‍സി.
ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.