ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കുമെന്നു കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പിൽ 6,292 ഫയലുകൾ തീർപ്പാക്കാനുണ്ട്്. കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ 29,599, മണ്ണ് സംരക്ഷണ, മണ്ണ് പര്യവേഷണ വകുപ്പിൽ 4,331, കാർഷിക സർവകലാശാലയിൽ 14,800 ഫയലുകൾ എന്നിങ്ങനെയാണു വകുപ്പിനു കീഴിലുള്ള മറ്റ് ഓഫിസുകളിൽ തീർപ്പാക്കാനുള്ളത്. അവധി ദിവസങ്ങളും അധിക പ്രവൃത്തിസമയവും വിനിയോഗിച്ചാകും ഫയൽ തീർപ്പാക്കൽ യജ്ഞം പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാരണം ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ചില പ്രതിസന്ധികൾ നിലനിന്നിരുന്നു. ഇത്തരത്തിൽ നടപടി വൈകിയ ഫയലുകൾ പൂർണമായും ഈ ഘട്ടത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.