പൊതുമേഖലാ സ്ഥാപനങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും

ചവറ അപകടം ആശ്രിതർക്ക് പത്തുലക്ഷം വീതം

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ തീരൂമാനിച്ചു.

ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസിൽ ഒക്‌ടോബർ 30 ന് ഇരുമ്പുപാലം തകർന്ന് 3 പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അപകടത്തിൽ മരിച്ച കെ.എം.എം.എൽ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപാ വീതം കമ്പനി ധനസഹായം നൽകണമെന്ന് തീരുമാനിച്ചു. നിയമാനുസൃതമായി നൽകേണ്ട ആനുകൂല്യങ്ങൾക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിനോട് നിർദ്ദേശിക്കാനും തീരുമാനിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 32 ജീവനക്കാരുടെ ചികിത്സാചെലവ് പൂർണ്ണമായും കമ്പനി വഹിക്കണം. തകർന്ന പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ സാങ്കേതിക സഹായത്തോടെ പുനർനിർമ്മിക്കണം. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ ചുമതലപ്പെടുത്തി. സാങ്കേതിക വിദഗ്ധർ കൂടി ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക.

  • ദേഹത്ത് മരം വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മുന്‍ വടക്കേ വയനാട് എം.എല്‍.എ കെ.സി. കുഞ്ഞിരാമന്റെ ചികിത്സാചെലവിലേക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
  • മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന കുമാരി ദിവ്യയ്ക്ക് പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഐ.സി.ഡി.എസില്‍ തസ്തിക സൃഷ്ടിക്കുന്നതാണ്.
  • കേരളാ സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.
  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
  • കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐടിഐ ആരംഭിക്കാന്‍ തീരുമാനിച്ചു. ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂണിറ്റുകളാണ് ഇവിടെ ആരംഭിക്കുക. ഇതിനുവേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കും.
  • പിണറായി ഗവണ്‍മെന്റ് ഐടിഐയില്‍ 8 തസ്തികകള്‍ അധികമായി സൃഷ്ടിക്കാന്‍ തീരൂമാനിച്ചു.
  • ഭവനനിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡുതന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.
  • 1993 ഐ.എ.എസ് ബാച്ചിലെ ഉഷടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ.ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനം നല്‍കുന്നതാണ്.
  • ഹൈക്കോടതിയിലെ 38 ഓഫീസ് അസിസ്റ്റന്റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റുന്നതിന് തീരുമാനിച്ചു. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ 20330/- രൂപയായിരിക്കും വേതനം.