ആലപ്പുഴ: ദുരന്തമുഖത്ത് കൂട്ടായ്മയുടെയും ഐക്യത്തിന്റയും സാർവ്വത്രികമായ ശക്തിസ്വരൂപണത്തിന്റെയും വേളയിലാണ് ഇത്തവണ കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വിദേശ ആക്രമണങ്ങളെയും ആഭ്യന്തര കലാപങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ച രാജ്യത്തിന്റെ പാരമ്പര്യം ഈ വേളയിൽ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 72-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് ഭയാനകമായ പ്രകൃതിദുരന്തങ്ങൾ ആറുമാസത്തിനുള്ളിൽ കേരളം നേരിട്ടു. ഓഖി ദുരന്തത്തിൽ കടൽഭിത്തികൾ നശിക്കുകയും വീടുകൾ തകരുകയും ചെയ്തു. നിരവധിപേർ നമ്മളെ വിട്ടു പിരിഞ്ഞു. കോഴിക്കോട് നിപ രോഗബാധയുണ്ടായി. ആലപ്പുഴയിലെ പ്രളയദുരന്തം കുട്ടനാട് മേഖലകളിലെ കൃഷിയെയും ജനജീവിതത്തെയും ആകെ തകർത്തു. കാർഷികമേഖലയിൽ എൺപതിലേറെ വില്ലേജുകളെ പ്രളയം ബാധിച്ചു. ഒരു ലക്ഷം ആളുകൾ ക്യാമ്പുകളിലെത്തി. പ്രതിദിനം ഒരുലക്ഷം പേർക്ക് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നല്ല ഭക്ഷണം നൽകാനും അഭയമാകാനും സാധിച്ചു. ഒരുമാസക്കാലം ക്യാമ്പിൽ അസുഖങ്ങളും ദുർമരണങ്ങളും ഉണ്ടാകാതെ ജനങ്ങളെ സംരക്ഷിക്കാനായി. ആറര ലക്ഷം പേരാണ് ജില്ലയിൽ വെള്ളത്തിലായത്-മന്ത്രി പറഞ്ഞു.
വെള്ളമിറങ്ങി തുടങ്ങിയപ്പോൾ സംസ്ഥാനത്ത് ഉരുൾപൊട്ടൽ വ്യാപകമായി. ഡാമുകൾ നിറഞ്ഞു കവിഞ്ഞു. ഷട്ടറുകൾ എല്ലാം തുറക്കേണ്ടി വന്നു. പ്രശ്നങ്ങളുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് നമുക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടി വന്നത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ നല്ല പൗരനും ദുരന്തമുഖത്ത് , സേവനരംഗത്ത് എത്തേണ്ടതുണ്ട്. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും. 5000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് കേരളത്തിലുണ്ടായത്. നാശനഷ്ടത്തിന്റെ കൃത്യമായ വസ്തുനിഷ്ടമായ കണക്കുകൾ ശേഖരിച്ചു വരികയാണ് . കേന്ദ്ര മന്ത്രിമാർ നേരിട്ട് ദുരന്തത്തിന്റെ തീവ്രത പരിശോധിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് ദുരന്തമേഖലകൾ കാണാൻ പോയത്. കൂട്ടായ്മയുടെ ഐക്യത്തിന്റെ പുതിയ സ്വാതന്ത്ര്യപ്പുലരിയാണ് നമ്മൾ എന്നും സ്വപ്നം കാണേണ്ടതെന്നും മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
മഹാത്മാഗാന്ധിയും അനേകായിരം രക്തസാക്ഷികളും കൂടി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ലോകത്തും ഇന്ത്യയിലും അനുകൂലവും പ്രതികൂലവുമായ പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായപ്പോഴും നമ്മുടെ സ്വാതന്ത്ര്യം നിലനിർത്താൻ നമുക്കായി. ഇത്തവണ പ്രതികൂലമായ പ്രകൃതിയെ വെല്ലുവിളിച്ചാണ് സ്വാതന്ത്ര ദിനാഘോഷങ്ങൾ നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വ്യാപൃതരാകേണ്ട് കാലമാണിത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ഡിവൈ.എസ്.പി. പി.വി.ബേബി, പൊലീസ് ഇൻസ്പെക്ടർമാരായ ടി.മനോജ്, കെ.സദൻ, ആർ.സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്കുമാർ, ആർ.രാജേഷ്, അമീർഖാൻ, ബാലകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ മന്ത്രി മെഡൽ സമ്മാനിച്ചു. സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി.ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിനും സർക്കാർ സ്ഥാപനമായ ആലപ്പുഴ സപ്ലൈ ഓഫീസിനുമുള്ള ട്രോഫികൾ ചടങ്ങിൽ സമ്മാനിച്ചു.
ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്‌കൂളുകൾ കോളജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം പരേഡ് ഇത്തവണ ഒഴിവാക്കിയിരുന്നു.