കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.

കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും വിവിധ സബ്സിഡികളും ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കുന്നതിനായി യുവാക്കൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. 50 കോടി വരെ മൂലധനമുള്ള സംരംഭങ്ങൾക്ക് ആദ്യ മൂന്നു വർഷത്തേക്കു ലൈസൻസ് ആവശ്യമില്ല. സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഈടില്ലാതെ വായ്പ നൽകുന്നതിന് സഹകരണ ബാങ്കുകളെക്കൂടി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയിൽ ചെറുകിട വ്യവസായങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പി.എം.ഇ.ജി.പി. വഴി കേരളത്തിലേക്ക് 500 കോടി രൂപ സബ്‌സിഡി ലഭിച്ചതായും ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ വി. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതി പ്രകാരം 24,550  സംരംഭങ്ങൾ ആരംഭിക്കുകയും ഇതുവഴി 1,80,000 പേർക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഖാദി ബോർഡ് സെക്രട്ടറി കെ.എ രതീഷ്, കനറാ ബാങ്ക് സർക്കിൾ ഹെഡ് പ്രേം കുമാർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എസ്. രാജൻ എന്നിവർ പ്രസംഗിച്ചു.