തിരുവനന്തപുരം: നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി ധാരാളം വനിതകളും ചെറുപ്പക്കാരും കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കാനാകുമെന്നും സ്പീക്കർ പറഞ്ഞു. ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല പൊതുസമ്മേളനവും ജില്ലാതല കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുകയും കൃഷി വ്യാപകമാക്കുകയും ആധുനിക വൽക്കരിക്കുകയും ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയുമാണ് ഈ ക്യാംമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

അധികം വൈകാതെ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് ഐ എം എഫും ലോകബാങ്കും മുന്നറിയിപ്പ് നൽകുന്നത്. ഭക്ഷ്യവിലക്കയറ്റം ആഗോളതലത്തിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇതു മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് കൃഷി വകുപ്പ് നടത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.

കേരളത്തിലെ 1076 കൃഷി ഭവനുകളെയും ബന്ധപ്പെടുത്തി ഒരു കൃഷിഭവനിൽ ഒരു ഉൽപന്നമെന്ന ലക്ഷ്യം നിറവേറ്റാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നതെന്ന്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
നൂറുകണക്കിന് ഉൽപ്പന്നങ്ങൾ കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പുറത്തിറക്കുന്നുണ്ട്. ഇത് ആയിരത്തിലധികമായി ഉയർത്താൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിയിടങ്ങളെ ബന്ധപ്പെടുത്തിയുള്ള ആസൂത്രണത്തിലേക്ക് കേരളം മാറുകയാണെന്നും എല്ലാവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഓരോ നാടിന്റെയും പ്രഖ്യാപനമായി മാറുമ്പോൾ കാർഷിക കേരളത്തിൽ വലിയ മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരകരോഗങ്ങളുടെ തടവറയിൽനിന്നും വരും തലമുറയെങ്കിലും രക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നടീൽവസ്തുക്കളുടെ കൈമാറ്റം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കർഷക സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും നിർവഹിച്ചു .ഞാറ്റുവേല കലണ്ടർ പ്രകാശനവും ഞാറ്റുവേല ചന്ത പ്രദർശനമേള ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.

വാദ്യഘോഷങ്ങളും വിവിധ കലാപരിപാടികളുമായി വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ജില്ലയിലെ മികച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും കർഷക അവാർഡുകൾ വിതരണം ചെയ്‌തു.

ജൂൺ മുപ്പത് വരെ “ഞാറ്റുവേല” ചന്തയോടനുബന്ധിച്ച് സെമിനാറുകളും കർഷകരുടെ കാർഷികാനുഭവങ്ങൾ പങ്കുവെക്കലും തലമുറ സംവാദവും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കർഷകരുടെയും കലാപരിപാടികളും നടക്കും. വിവിധ സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കാർഷിക യന്ത്രങ്ങളും നാടൻ പഴങ്ങളും പച്ചക്കറികളും നടീൽ വസ്തുക്കളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാക്കും. വിവിധ കർമ്മ സേനകളുടെയും കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക സേവനങ്ങൾ നഗരത്തിനു ലഭ്യമാകും വിധം രജിസ്ട്രേഷൻ സൗകര്യവുമുണ്ടാവും. കർഷകരുടെ തനത് ഉത്പന്നങ്ങളുടെ വിപണനവും ഇതോടൊപ്പമുണ്ടാകും.

പൂജപ്പുര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ വി വി രാജേഷ്, കൃഷി വകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ, കൃഷി അഡീഷണൽ ഡയറക്ടർ രാജേശ്വരി എസ് ആർ, സോണിയ, കർഷക പ്രതിനിധി ജോർജ് ജെ തുടങ്ങിയവരും പങ്കെടുത്തു.