കൊച്ചി: 1924 നു ശേഷം കേരളം കണ്ട ഏറ്റവും ഭയാനകമായ പ്രകൃതി ക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കാക്കനാട് കളക്ട്രേറ്റില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ പതാക ഉയര്‍ത്തി ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നൂറു കണക്കിനാളുകള്‍ മരണപ്പെട്ടു. പതിനായിരക്കണക്കിന് മനുഷ്യര്‍ മഹാദുരന്തത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. നൂറു കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ആയിരക്കണക്കിന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ഷിക മേഖല പേമാരിയില്‍ തകര്‍ന്നടിയുകയാണ്. രണ്ടു ലക്ഷത്തോളം കര്‍ഷകരുടെ 55000 ഹെക്ടറോളം കൃഷി ഭൂമി വെള്ളത്തിനടിയിലായി. സ്വാതന്ത്ര്യലബ്ധിക്കായി പ്രവര്‍ത്തിച്ചതിനു സമാനമായ രീതിയില്‍ ഒറ്റക്കെട്ടായി കൈയ്, മെയ്യ് മറന്ന് രംഗത്തിറങ്ങേണ്ട സാഹചര്യമാണിതെന്നും മന്ത്രി പറഞ്ഞു.

 

 

ഭീകരപ്രവര്‍ത്തനവും വര്‍ഗീയതയുമാണ് ഇന്ന് രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. എല്ലാത്തരം ഭയങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നാം നേടിയത്. ആശയങ്ങളെ ഫലപ്രദമായി ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യമാണ് നാം നേടിയത്. നിര്‍ഭയം രാജ്യത്ത് ജീവിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് നേടിയത്. വിവിധ മതങ്ങളുടെ പരസ്പര സഹകരണത്തിലൂടെ വളര്‍ന്നു വികസിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. വിവിധ തരം വേഷവിധാനങ്ങള്‍, പലതരം ഭക്ഷണക്രമങ്ങള്‍, വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇന്ത്യ. വിവിധ സംസ്‌കാരങ്ങള്‍ കടന്നു വന്നിട്ടും ഇവിടെ പ്രശ്‌നങ്ങളുണ്ടായില്ല. ആത്മീയതയ്ക്കും ആത്മീയ നിഷേധത്തിനും ഇവിടെ സ്ഥാനമുണ്ടായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുടില തന്ത്രമാണ് ഇന്നിപ്പോള്‍ പുതിയ രൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. ലോകത്തിനു മുന്നില്‍ മികച്ച മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന ഭാരത സംസ്‌കാരം അട്ടിമറിക്കുന്നതിന് ചില സംഘടിത നീക്കങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം പ്രവണതകളെ സംഘടിതമായി ചെറുക്കണം. സ്വാതന്ത്ര്യത്തിനായി ജീവന്‍ ഹോമിച്ചവരുടെ ത്യാഗോജ്ജ്വല സ്മരണകള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരട്ടെയെന്നും മന്ത്രി പറഞ്ഞു.

പോലീസ് വകുപ്പിലെ വിശിഷ്ട സേവനത്തിന് 2018 റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. എ സി പി അബ്ദുള്‍ സലാം, ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ്, സിഐ കെ.ജി. അനീഷ്, സിഐ പി.എസ്.ഷിജു, എസ് ഐ കെ.റ്റി.മുഹമ്മദ് കബീര്‍, റിട്ട. എസ് ഐ പി.കെ. ശിവശങ്കരന്‍, എസ്.ഐ വി.ജി. സുമിത്ര, എ എസ് ഐമാരായ എം.ആര്‍. സരള, കെ.കെ. രാജേഷ്, കെ.ആര്‍. രമേഷ് ബാബു, എന്‍.എസ്. കലേഷ് കുമാര്‍, ബിജോയ് കുമാര്‍, എസ്. സന്തോഷ്, ടി.ഡി. സുധീര്‍, എസ്. ശ്രീകുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. റോയ്, കെ.പി. മുഹമ്മദ് ഇക്ബാല്‍, അബ്ദുള്‍ സത്താര്‍, എ.വി. മധുരാജ്, റ്റി.കെ. റെജി, രാജേഷ് കുമാര്‍, നിജു ഭാസ്‌കര്‍, ഹരീഷ് കുമാര്‍, എം.എ. സെബാസ്റ്റ്യന്‍, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ദീപ, സി.പി. സിനി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീല ദേവി, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.ജി.തിലകന്‍, കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, എന്‍.ആര്‍. എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ല പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് വിപിന്‍ ഭാസ്‌ക്കരന്‍, കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി. ഉദയകുമാര്‍, ജില്ല സര്‍വ്വേ സൂപ്രണ്ട് എം.എന്‍. അജയകുമാര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈന, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ പി.ആര്‍. അനില്‍ കുമാര്‍, എം.എച്ച്. ജയന്‍, എന്‍.എം.സു ബാര്‍, കെ.വി. ബാബു, ജില്ല ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) പി.എന്‍. ശ്രീനിവാസന്‍, റോഷ്‌നി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജയശ്രീ കുളക്കുന്നത്ത്, വില്ലേജ് ഓഫീസര്‍ എന്‍.എം. ഹുസൈന്‍, ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സ് സെന്റര്‍ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, കളക്ട്രേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം. അബ്ദുള്‍ ജബ്ബാര്‍, വി.എഫ്.എമാരായ എല്‍ദോ പോളെം, ടി.വി. ജിനേഷ് എന്നിവര്‍ ജില്ല കളക്ടറുടെ സിവിലിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായി. സ്വാതന്ത്ര്യ സമര സേനാനി വി.നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

കനത്ത മഴയെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. രാവിലെ 8.30 ന് എത്തിയ മന്ത്രി വി.എസ്. സുനില്‍ കുമാറിനെ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പതാക ഉയര്‍ത്തി. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.എം. ജോസഫ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. തുടര്‍ന്ന് മന്ത്രി, പി.ടി. തോമസ് എം എല്‍ എ, ജില്ല കളക്ടര്‍ എന്നിവര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

പി.ടി. തോമസ് എം.എല്‍.എ, ഐ ജി വിജയ് സാക്കറെ, ഡി സി പി ഹിമേന്ദ്ര നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.