വണ്ടിപെരിയാര്‍ സത്രം എയര്‍സ്ട്രിപ്പുമായി ബന്ധപ്പെട്ട ജോലികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എയര്‍സ്ട്രിപ്പ് പദ്ധതിയുടെ നിലവിലെ ജോലികളുടെ പുരോഗതി വിലയിരുത്തുന്നതിനുമായാണ് ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

650 മീറ്റര്‍ ദൈര്‍ഘ്യമുള്ള എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. എയര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍ത്തിട്ട കാരണം ലാന്‍ഡിങിന് കഴിഞ്ഞിരുന്നില്ല. തടസ്സം നീക്കം ചെയ്യുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. റണ്‍വേയില്‍ മാര്‍ക്കിങ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്, ഇത് പൂര്‍ത്തിയാക്കാനും വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വത്തിലുള്ള ജോലികളും വേഗത്തില്‍ പൂര്‍ത്തീകരിക്കാനും തീരുമാനമെടുത്തതായി ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്ചയും അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജൂലൈയില്‍ ട്രയല്‍ റണ്‍ നടത്താനാണ് ശ്രമിക്കുന്നത്.

എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, 4 ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മ്മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന സൗകര്യം എന്നിവ ഇതിനകം പൂര്‍ത്തിയായി. യോഗത്തില്‍ പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.കെ ശ്രീമാല, കെഎസ്ഇബി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഡെന്നിസ് ജോസഫ് ടി, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സാമുവല്‍ ഇ, എന്‍സിസി, പൊതുമരാമത്ത്, കെഎസ്ഇബി, വനംവകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.