വിശാലമായ എല്ലാ മേഖലകളേയും പ്രബുദ്ധപ്പെടുത്തുവാനും അര്‍ഥവത്താക്കാനും സ്റ്റാറ്റിസ്റ്റിക്സിനു കഴിയുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍  ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്റ്റാറ്റിസ്റ്റിക്സ് ഒറ്റത്തുരുത്തില്‍ നില്‍ക്കുന്ന ഒന്നല്ല. മറിച്ച് ഒരു വിഷയത്തില്‍ നില്‍ക്കുമ്പോള്‍ ആ വിഷയത്തെ അര്‍ഥവത്താക്കാനും പുതിയ മാനം നല്‍കാനും സ്റ്റാറ്റിസ്റ്റിക്സിന് കഴിയും. മുന്‍വിധിയോടു കൂടി തീരുമാനിച്ച് ഉറപ്പിച്ച ഫലത്തെ ഉറപ്പിക്കാനാണ് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കേണ്ടത്. മനുഷ്യനെ അജ്ഞതയില്‍ നിന്ന് ഉയര്‍ത്താന്‍ കഴിയുന്ന ശക്തിയുള്ള മേഖലയാണിത്. സ്റ്റാറ്റിസ്റ്റിക്സ് പഠിക്കുമ്പോള്‍, അത് എന്തിനു പഠിക്കുന്നു എന്നുള്ള വീക്ഷണവും കാഴ്ചപ്പാടും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ പ്രൊഫ. പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്. സുസ്ഥിര വികസനത്തിന് ആവശ്യമായ ഡാറ്റ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.

കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ശാലിനി, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ ആര്‍. രാധാകൃഷ്ണപിള്ള, കോഴഞ്ചേരി സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രൊഫ. എബിന്‍ ജോണ്‍, കെഎസ്എ സെക്രട്ടറി ഡെയിസ് ജോര്‍ജ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.