വ്യവസായ- കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ ജല സ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നുതു സംബന്ധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ പത്തു ടീമുകള്‍ 21 ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ബേക്കറികള്‍ തുടങ്ങിയ ഏഴു വാണിജ്യ സ്ഥാപനങ്ങള്‍, സര്‍വീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, വീടുകള്‍ കാലിത്തൊഴുത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അശാസ്ത്രീയമായി മലിന ജലം തോടുകളിലേയ്ക്കും കുളങ്ങളിലേക്കും ഒഴുക്കിവിടുന്നതായി കണ്ടെത്തി.

പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തളിക്കല്‍ ജംഗ്ഷനിലെ ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയ മലിനജലവും അടുക്കള മാലിന്യവും സമീപത്തെ ഓടയിലേയ്ക്കും ഒഴുക്കവിടുന്നതായും അവിടെന്നും പി.ഐ.പി. കനാലിലേക്കും എത്തിച്ചേരുന്നതായി കണ്ടെത്തി. ഹോട്ടലുടമയ്ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ എല്ലാ സ്ഥാപന ഉടമകളില്‍ നിന്നും വീട്ടുടമകളില്‍ നിന്നും പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി. കെ. ഷിബു, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരായ കെ. പി. അനില്‍കുമാര്‍, വി. ജെ. പോള്‍, എസ്. ജെനിമോന്‍, സന്തോഷ് മാത്യു, ജി. സുനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.