സംസ്ഥാനത്ത 15,000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ ‘സ്‌കൂൾവിക്കി’ പോർട്ടലിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ സ്‌കൂളുകൾക്കുള്ള സംസ്ഥാന  ജില്ലാതല അവാർഡുകൾ ഇന്ന് (വെള്ളി) രണ്ട് മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വിതരണം ചെയ്യും. സംസ്ഥാന തലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപ വീതവുമാണ് കാഷ് അവാർഡ്. ഇതിനു പുറമെ വിജയികൾക്ക് ശില്പവും പ്രശംസാപത്രവും നൽകും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിക്കുന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാവും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എൽ.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്‌കൂളുകൾക്കാണ് സംസ്ഥാനതലത്തിൽ ഒന്നു മുതൽ മൂന്നുവരെയുള്ള അവാർഡ്. വിജയികളുടെ പട്ടിക www.schoolwiki.in ൽ ലഭ്യമാണ്.