ജില്ലയില്‍ മൂന്ന് മാസത്തിനുള്ളില്‍ 3510 സംരംഭങ്ങള്‍
6732 പേര്‍ക്ക് തൊഴില്‍
312 കോടി രൂപയുടെ നിക്ഷേപം

സംരംഭകര്‍ക്ക് പുതിയ സാധ്യതകളും പ്രതീക്ഷയുമൊരുക്കി ജില്ലയില്‍ വ്യവസായവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. മൂന്ന് മാസത്തിനുള്ളില്‍ 3,510 സംരംഭങ്ങളാണ് ജില്ലയില്‍ പുതിയതായി ആരംഭിച്ചത്. 312 കോടി രൂപയുടെ നിക്ഷേപമുണ്ടായപ്പോള്‍ 6,732 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വര്‍ഷത്തിന്റെ ഭാഗമായാണ് ജില്ലയില്‍ പുതിയതായി സംരംഭങ്ങള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുളളില്‍ ജില്ലയില്‍ 18,601 സംരംഭങ്ങളാണ് ജില്ല ലക്ഷ്യം വെക്കുന്നത്. 11,155 സംരംഭകരെ വ്യവസായ ശില്പശാലകളിലൂടെ കണ്ടെത്താന്‍ സാധിച്ചെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ പറഞ്ഞു.

ജില്ലയില്‍ ശില്‍പശാല ഏകോപ്പിക്കാനും സബ്സിഡി, വായ്പ, മറ്റ് സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവല്‍ക്കരിക്കാനും 122 ഇന്റേണുകളെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചത്. ജനപ്രതിനിധികളുടെയും മറ്റ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ജില്ലയില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷ്യസംസ്‌കരണം, വസ്ത്രനിര്‍മാണം, ഐസ്പ്ലാന്റ്, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡി.ടി.പി ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സേവന മേഖലകളും ജില്ലയിലെ പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.

വിവിധ സഹായ പദ്ധതികളാണ് സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ മുതലുള്ളവക്ക് നാല് ശതമാനം പലിശയോടെയാണ് വായ്പ നല്‍കുന്നത്. ഇത് കൂടാതെ സംരംഭകര്‍ക്ക് ലോണ്‍ ഇല്ലാതെയും സ്ഥിര മൂലധനത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ സബ്സിഡിയായി നല്‍കുന്ന സഹായപദ്ധതിയും നിലവിലുണ്ട്. പരമാവധി 40 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും. വനിതകള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗം, 45 വയസിന് താഴെയുള്ള യുവജനങ്ങള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയും വകുപ്പ് നല്‍കുന്നുണ്ട്. സംരംഭവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം നല്‍കാനായി ജില്ലാ ഗ്രീവന്‍സ് സെല്ലും വിദഗ്ധ പരിശീലനങ്ങള്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.