സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളക്ക് ദേശീയ തലത്തിൽ ഇരട്ട അംഗീകാരം ലഭിച്ചു. ഒരേ സമയം അവാർഡിങ് ബോഡി ആയും അസ്സസ്‌മെന്റ് ഏജൻസി ആയും ആണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള NCVET ആണ് അംഗീകാരം നൽകിയത്.

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന രംഗത്ത് ഗുണ നിലവാരം ഉറപ്പ് വരുത്തുന്ന റെഗുലേറ്ററി ബോഡി ആണ് നാഷണൽ കൗൺസിൽ ഫോർ  വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET).  രാജ്യത്തെ മുഴുവൻ തൊഴിലധിഷ്ഠിത കോഴ്‌സുകളും എൻ.എസ്.ക്യു.എഫ് നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ സ്‌കിൽ ഇക്കോ-സിസ്റ്റം സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് അസാപ് വഹിക്കുക.

ഇത് സംബന്ധിച്ച ധാരണപാത്രം എൻ.സി.വി.ഇ.ടി ചെയർപേഴ്‌സൺ  ഡോ. നിർമൽ ജീത്ത് സിംഗ് ഖൽസിയും അസാപ് കേരള സി.എം.ഡി  ഡോ. ഉഷാ ടൈറ്റസും ഒപ്പ് വെച്ചു. കേരളത്തിലെ തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ മികവിനും ഏകോപനത്തിനും ഇത് ഏറെ ഉപകരിക്കും.
ഇത്തരമൊരു അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക ഏജൻസിയാണ് അസാപ് കേരള. അസാപ് കേരളയിലൂടെയല്ലാതെ മറ്റ് ഏജൻസികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കു അംഗീകൃത അക്കാദമിക് ക്രെഡിറ്റുകൾ ലഭിക്കില്ല.