കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഴ ഒരാഴ്ച പിന്നിടുമ്പോള്‍ ക്യാമ്പുകളിലേക്ക് മാറിയവരുടെ എണ്ണം ഇരുപതിനായിരം കടന്നു. മൂന്നു താലൂക്കുകളില്‍ 176 ക്യാമ്പുകളിലായി 6030 കുടുംബങ്ങളില്‍ നിന്നും 22,242 പേരാണ് താമസിക്കുന്നത്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍-83. മാനന്തവാടിയില്‍ 68 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 25 ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ 14 ക്യാമ്പുകള്‍ വീണ്ടും തുറക്കേണ്ടിയും വന്നു.