വായന പക്ഷാചരണത്തിന്റെ ഭാഗമായി തൊടുപുഴ ഡയറ്റിൽ ഐ.വി ദാസ് അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും പി.എൻ പണിക്കർ ഫൗണ്ടേഷന്റേയും തൊടുപുഴ ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വായന പക്ഷാചരണം സംഘടിപ്പിച്ചത്. ഐ വി ദാസ് അനുസ്മരണത്തിന്റെയും സാഹിത്യ സദസ്സിന്റെയും ഉദ്ഘാടനം യുവ സാഹിത്യകാരനും സിനിമാ സംവിധായകനുമായ ഡോ. അനീഷ് ഉറുമ്പിൽ നിർവഹിച്ചു. പുസ്തക വായനയിലുടെ മാനസിക വളർച്ചയും, മാനസിക ഉല്ലാസവും, പക്വമായ പെരുമാറ്റവും സാധ്യമാകുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ജീവിത പ്രതിസന്ധികളിൽ പ്രചോദനമാകാനും ജീവിത രീതി പാകപ്പെടുത്താനും പുസ്തക വായന സഹായിക്കുമെന്നും അനീഷ് ഉറുമ്പിൽ പറഞ്ഞു. വായന ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശിഷ്ടാതിഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. ഡയറ്റിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പുസ്തകം ‘സൂര്യകാന്തി’യുടെപ്രകാശനവും അനീഷ് ഉറുമ്പിൽ നിർവഹിച്ചു. വായന മാസാചരണത്തോട് അനു ബന്ധിച്ച് തയ്യാറാക്കിയ പുസ്തകത്തിൽ 40 ഓളം കൃതികളുടെ ലഘുവിവരണമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഡയറ്റിലെ വിദ്യാർഥികൾ പുസ്തക ആസ്വാദനം, പ്രബന്ധാവതരണം, ബഷീര്‍ കഥാപാത്രങ്ങളുടെ രംഗാവിഷ്‌ക്കാരം, പോസ്റ്റര്‍ പ്രദര്‍ശനം, വായന പക്ഷാചരണ സ്മരണിക പ്രകാശനം, പാത്തുമ്മയുടെ ആടിന്റെ നാടകാവിഷ്കാരം, മോണോ ആക്റ്റ് , സാഹിത്യ സദസ്സ് തുടങ്ങി വിവിധ സാഹിത്യ-കലാ പരിപാടികളും അവതരിപ്പിച്ചു.

തൊടുപുഴ ഡയറ്റ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, തൊടുപുഴ ജില്ലാ വിദ്യാഭസ വകുപ്പ് അക്കൗണ്ട്സ് ഓഫീസർ എ.വി അജിത് കുമാർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ബിന്ദുമോൾ .ഡി, കൈറ്റ് ജില്ലാ കോർഡിനേറ്റർ പി.കെ ഷാജിമോൻ, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീലത ഇ എസ്, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബാ മുഹമ്മദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.കെ ലോഹിദാസൻ എന്നിവർ സംസാരിച്ചു.