കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സെന്‍കുമാര്‍, ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കുമളി ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. സ്വരാജ് ട്രോഫി ലഭിക്കുന്ന പഞ്ചായത്തിലെ സെക്രട്ടറിയെയാണ് മികച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. പ്രസ്തുത സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് സ്വരാജ് ട്രോഫി സമ്മാനിക്കുന്നത്. ഈ കാലയളവില്‍ സേവനമനുഷ്ഠിച്ച സെക്രട്ടറിമാരുടെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

മൂന്ന് വര്‍ഷമായി കുമളി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് കെ സെന്‍കുമാര്‍. പീരുമേട് സ്വദേശിയാണ്. 2003 ലാണ് സര്‍വീസില്‍ വരുന്നത്. കുമളി ഗ്രാമപഞ്ചായത്തിലെത്തുന്നവര്‍ക്ക് എല്ലാവിധ സേവനങ്ങളും കാലതാമസമില്ലാതെ ചെയ്തുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം, ആശ്രയ പദ്ധതി, വാര്‍ഡ് – പഞ്ചായത്ത് തല ജാഗ്രത സമിതികള്‍, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍, ബഡ്സ് സ്‌കൂള്‍, ലൈഫ് മിഷന്‍, ജനകീയ ഹോട്ടല്‍, വനിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ദുരന്ത നിവാരണ പദ്ധതികള്‍, ജല സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുമളി പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.