ജലശക്തി അഭിയാൻ പദ്ധതി; കേന്ദ്രസംഘം ജില്ലയിൽ

കോട്ടയം: ജലശക്തി അഭിയാൻ-ക്യാച്ച് ദി റെയിൻ 2022 പരിപാടിയുടെ ഭാഗമായുള്ള അമൃത സരോവർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചേലച്ചിറക്കുളത്തിന്റെ നവീകരണ ഉദ്ഘാടനത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്. സ്വാതന്ത്ര സമരസേനാനി എം.കെ. കമലാസനന്റെ ഭാര്യ ശാന്തമ്മയാണ് പദ്ധതിയുടെ ശിലാഫലകം അനാശ്ചാദനം ചെയ്തത്. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ജലശക്തി അഭിയാൻ – ക്യാച്ച് ദി റെയിൻ 2022 പദ്ധതി വിലയിരുത്തലിനായി എത്തിയ കേന്ദ്രസംഘാംഗങ്ങളായ ആഭ്യന്തര മന്ത്രാലയം പേഴ്സണൽ ഡയറക്ടറായ മൊണാലിസ ഡാഷ്, കേന്ദ്ര ജലകമ്മീഷണർ സി.എച്ച്.ഡി.ഡി. (ഇ ആൻഡ് എൻ.ഇ) ഡെപ്യൂട്ടി ഡയറക്ടർ അശുതോഷ് ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുറിച്ചി ഗ്രാമപഞ്ചായത്തിലെ ആറ്, 11, 15, 17 എന്നീ വാർഡുകളിൽ വീടുകളിലെ മഴവെള്ള സംഭരണികൾ, കിണർ റീചാർജ്ജിംഗ് പ്രവർത്തനങ്ങൾ, പടുതാക്കുളങ്ങളിലെ മീൻ വളർത്തൽ, കുറിച്ചി വില്ലേജ് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള മഴക്കൊയ്ത്ത് സംവിധാനം, മലകുന്നം കോഴിപ്പുറത്തെ കാവ് എന്നിവ കേന്ദ്രസംഘം സന്ദർശിച്ചു. ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പാക്കുന്ന വിവിധ ജലസംരക്ഷണ പദ്ധതികളെക്കുറിച്ച് ജില്ലാ കളക്ടറുടെ ചേബറിൽ ചേർന്ന യോഗത്തിൽ സംഘം വിവിധ വകുപ്പു മേധാവികളുമായി ചർച്ച നടത്തി.