പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തി.  തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്തു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്ന് മനസിലായി. ഈ സമയത്ത് ഊരിൽ വന്യമൃഗ ശല്യം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയുമായിരുന്നു. ഈ സാഹചര്യമാണ് കുടുംബത്തെ പ്രതികൂലമായി ബാധിച്ചത്.