ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ദലീമ ജോജോ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ശക്തമായ മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലേയും മറ്റു ജലാശയങ്ങളിലേയും നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ വെള്ളക്കെട്ട് നിവാരണ നടപടികള്‍ ഏകോപിപ്പിക്കും. കടല്‍ക്ഷോഭം ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത ശക്തമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
അവശ്യ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്തണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണ നടപടികളും വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ബി.ഡി.ഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.