** തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട്
** 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
** 4769 പേരെ മാറ്റിപ്പാർപ്പിച്ചു.
** നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
** ദുരന്ത നിവാരണത്തിന് 1000 പൊലീസുകാർ
** ക്യാപുകളിൽ പരിശോധനയ്ക്കു പ്രത്യേക മെഡിക്കൽ സംഘം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ചൊവ്വാഴ്ച വൈകിട്ടു തുടങ്ങിയ ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പേപ്പാറ, നെയ്യാർ ഡാമുകൾ തുറന്നതിനെത്തുടർന്നു കരമനയാർ, കിള്ളിയാർ, തെറ്റിയാർ, പാർവതീപുത്തനാർ എന്നിവയിലെ നീരൊഴുക്കു കൂടിയതാണു വെള്ളപ്പൊക്കത്തിനു കാരണം.
നഗരത്തിൽ കരിമഠം, ശാസ്തമംഗലം, ജഗതി, നെട്ടയം, പുന്നയ്ക്കാമുകൾ, ഉള്ളൂർ, കഴക്കൂട്ടം പൊതുകുളം പരിസരം, ഗൗരീശപട്ടം, കുണ്ടമൺകടവ്, ഇടപ്പഴഞ്ഞി, പുത്തൻപാലം, കണ്ണമ്മൂല, കല്ലുംമൂട്, കമ്പിക്കകം, കുളത്തൂർ, മൂലേപ്പറമ്പ്, തേക്കുംമൂട്, കരിമണൽ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. നെയ്യാറ്റിൻകരയിലും രൂക്ഷമായ വെള്ളപ്പൊക്കമാണ്. ഇവിടങ്ങളിൽനിന്ന് നൂറുകണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചു.
ജില്ലയിൽ ആകെ 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4679 പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവനന്തപുരം താലൂക്കിൽ മാത്രം 29 ക്യാംപുകൾ തുറന്നിട്ടുണ്ട്. 2100 പേർ ഇവിടങ്ങളിൽ താമസിക്കുന്നു.
ചിറയിൻകീഴ് – 5, നെയ്യാറ്റിൻകര – 11, കാട്ടാക്കട – 9, നെടുമങ്ങാട് – 8, വർക്കല – 2 എന്നിങ്ങനെയാണു മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം. നെയ്യാറ്റിൻകരയിൽ 1400ഉം കാട്ടാക്കടയിൽ 560ഉം ചിറയിൻകീഴിൽ 488ഉം നെടുമങ്ങാട് 193ഉം വർക്കലയിൽ 28ഉം പേരെ മാറ്റിപ്പാർപ്പിച്ചു.
ക്യാപുകളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തിയതായും ഇവിടങ്ങളിലുള്ളവരുടെ പരിശോധനയ്ക്കു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. കോർപ്പറേഷന്റെ നേതൃത്വത്തിൽ 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. നഗരത്തിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീരൊഴുക്ക് സുഗമമാക്കുന്നുണ്ട്. മഴക്കെടുതി വിലയിരുത്താൻ കളക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. കോർപ്പറേഷൻ ഓഫിസിലും പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം വിലയിരുത്താൻ സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയാറാണെന്നു യോഗശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മേഖലകളായി തിരിച്ചാണു ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ റവന്യൂ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ക്യാംപിലുള്ളവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും പ്രാഥമിക സൗകര്യങ്ങളുമൊരുക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗ ശേഷം തേക്കുംമൂട്, കണ്ണമ്മൂല, പൗണ്ടുകടവ്, ഇൻഫോസിസ്, കുളത്തൂർ, ആറ്റിപ്ര, കരിക്കകം, കരിമണൽ, വി.എസ്.എസ്.സി. എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ മന്ത്രി സന്ദർശനം നടത്തി. മേയർ വി.കെ. പ്രശാന്ത്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.