** ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറെന്ന് കരസേനയും സി.ആർ.പി.എഫും
** ആയിരത്തിലേറെ പൊലീസുകാർ ദുരന്ത നിവാരണ രംഗത്തെന്ന് ജില്ലാ പൊലീസ് മേധാവി
തിരുവനന്തപുരത്ത്‌  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു സർവ സജ്ജമായി സൈന്യവും പൊലീസും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല ഭരണകൂടം തയാറാണെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
രൂക്ഷമായ വെള്ളപ്പൊക്ക കെടുതിയിൽ രക്ഷാ പ്രവർത്തനത്തിന് 60 കരസേനാ അംഗങ്ങൾ നെയ്യാറ്റിൻകരയിലെത്തി. തിരുവനന്തപുരം നഗരത്തിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമായാൽ ഏതു സാഹചര്യവും നേരിടാൻ 50 അംഗ സി.ആർ.പി.എഫ്. സംഘം പള്ളിപ്പുറം ക്യാംപിൽ തയാറായിട്ടുണ്ട്. ആയിരത്തിലധികം പൊലീസുകാർ നിലവിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാണെന്ന് ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറും അറിയിച്ചു.
റവന്യൂ വകുപ്പിനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണു ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നു സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ഒരു വില്ലേജ് പരിധിയിലുള്ള ദുരിതാശ്വാസ ക്യാംപുകളുടെ മേൽനോട്ടത്തിന് ഒരു ഡെപ്യൂട്ടി തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി. കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, കരസേനാ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.