സംസ്ഥാന റവന്യൂ കലോത്സവത്തിൽ തൃശൂർ ജില്ലയിലെ വിജയികളെ അനുമോദിക്കുന്നതിനും സംഘാടകരെ ആദരിക്കുന്നതിനുമായി
‘സമാദരം’ പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി റവന്യൂമന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സാംസ്കാരിക സംഗമത്തിൽ പ്രവർത്തിച്ച
വിവിധ ഡിപ്പാർട്ട്മെൻ്റുകളെയും വ്യക്തികളെയും മന്ത്രി പ്രത്യേകം പരാമർശിച്ചു കൊണ്ട് അനുമോദിച്ചു. ജില്ലയ്ക്ക് സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി തന്നവരെയും യോഗത്തിൽ മന്ത്രി അഭിനന്ദിച്ചു.
എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ വിജയമാണ് ഇത്. സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകുന്ന രീതിയിൽ
കരുത്തായി മാറാൻ വർധിത ഊർജത്തോടെ പ്രവർത്തിക്കാൻ
കഴിയുന്നതിന് വേണ്ടിയാണ് ഇത്തരം കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്നും വരും വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ റവന്യൂ കലോത്സവം നടത്താൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

റവന്യൂ കലോത്സവത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ ഹരിത വി കുമാറും അഭിനന്ദിച്ചു. എല്ലാ ജില്ലകളിലെയും റവന്യൂ ഉദ്യോഗസ്ഥർക്ക് ഒരുമിച്ചുവന്നു ചേരാൻ ഒരു ഇടമായി മൂന്നു ദിവസം മാറിയെന്നും കലക്ടർ പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന റവന്യൂ കലോത്സവത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ച അധ്യാപകർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, എൻസിസി കാഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം, ബാൻ്റ്സെറ്റ് എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലോത്സവത്തിൻ്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ വിജയിച്ച താലൂക്കുകൾക്കുള്ള ക്യാഷ് ചെക്കുകളുടെ വിതരണവും യോഗത്തിൽ നടന്നു. ജില്ലയിൽ നിന്ന് സ്പോർട്സ് ഇനത്തിൽ
ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ലിമ ജോർജ്, കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് ലഭിച്ച് കലാതിലകമായ റോമി ചന്ദ്രമോഹൻ, കലാപ്രതിഭ രാധാകൃഷ്ണൻ, കൂടുതൽ പോയൻ്റ് ലഭിച്ച സുനിൽകുമാർ എന്നിവർക്ക് ട്രോഫികൾ കൈമാറി.

പരിപാടിയിൽ ആർഡിഒമാരായ പി എ വിഭൂഷണൻ, എം എച്ച് ഹരീഷ്, ഡെപ്യൂട്ടി കലക്ടർമാരായ സി ടി യമുനാ ദേവി, ഐ പാർവ്വതി ദേവി, ജില്ലാ ഫയർ ഓഫീസർ അരുൺ കെ ഭാസ്ക്കർ, വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മദനമോഹനൻ, ജില്ലാ സപ്ലൈ ഓഫീസർ ജയചന്ദ്രൻ, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് സാംബശിവൻ, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.