തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിയുടെ പ്രാദേശിക മേഖല വികസന ഫണ്ട് (എം പി ലാഡ്‌സ്) വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.എം. പി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അടൂര്‍ പ്രകാശ് എം. പി ആവശ്യപ്പെട്ടു.   സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2021-22 വര്‍ഷം നല്‍കിയ പ്രൊപോസലുകളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്.

ഇനി ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിലേക്കായി ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ നടപ്പാക്കാനുംവകുപ്പുകള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും എം. പി നിര്‍ദ്ദേശം നല്‍കി. പ്രൊജക്ട് പ്രൊപോസല്‍ ലഭിച്ച് 75 ദിവസത്തിനുള്ളില്‍ തന്നെ അനുമതി നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ യഥാസമയം പരിഹരിച്ചു മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനിച്ചു.

കോവിഡിന്റെ സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി നിലച്ചിരുന്ന എം.പി ഫണ്ടുകളുടെ പ്രവര്‍ത്തനം 2021-22 സമ്പത്തിക വര്‍ഷത്തിലാണ് പുനരാരംഭിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍   വി.എസ്. ബിജു, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.