പെരുമയ്ക്ക് പേര് കേട്ട നാടാണ് ആറന്മുള. ആറന്മുളയെന്ന പേരിനെ അര്‍ഥവത്താക്കുന്നതാണ് ആറന്മുള കണ്ണാടിയും, വള്ളംകളിയും. ടൂറിസത്തിനും കാര്‍ഷികവൃത്തിക്കും ഒരുപോലെ വിളനിലമായ നാട് കൂടിയാണ് ആറന്മുള. വികസനത്തിനൊപ്പം പൈതൃകസംരക്ഷണത്തിനു കൂടി മുന്‍തൂക്കം നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. ജോജി സംസാരിക്കുന്നു.

പൈതൃകമുറങ്ങുന്ന നാട്
ഒരുപാട് പൈതൃകങ്ങളും ചരിത്രങ്ങളും ഇഴചേര്‍ന്ന നാടാണ് ആറന്മുള. അതുകൊണ്ട് തന്നെ വികസനത്തിന്് മുന്‍തൂക്കം നല്‍കുമ്പോള്‍ പൈതൃകസംരക്ഷണത്തിന് തനതായ പ്രാധാന്യം നല്‍കും. ആറന്മുളയിലെ പ്രധാന കൃഷി നെല്ലും കരിമ്പുമായിരുന്നു. നിലവില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരിപ്പൂ, ഇരിപ്പൂ എന്നിങ്ങനെ രണ്ട് കൃഷിരീതിയാണ് ഇവിടെ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്നത്. ഇടവിളയായി പലതരം പയറു വര്‍ഗങ്ങള്‍ നട്ടുവരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍
ക്ലീന്‍ ആറന്മുളയെന്ന പേരില്‍ മാലിന്യ സംസ്‌കരണത്തിനായി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. എല്ലാ വാര്‍ഡുകളിലേയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയിലാണ് നടന്നു വരുന്നത്. സര്‍ക്കാരിന്റെ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പള്ളിയോടങ്ങള്‍ക്ക് ഗ്രാന്‍ഡ് കൊടുക്കാന്‍ സാധിച്ചത് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ കാര്യമാണ്.

അഭിമാനമായ ടേക്ക് എ ബ്രേക്ക് പദ്ധതി
ജില്ലയിലെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ആറന്മുളയിലാണ് പൂര്‍ത്തിയാക്കിയത്. ആറന്മുള ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കിയ ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. എടിഎം, കഫേ യൂണിറ്റ് എന്നിങ്ങനെ താഴത്തെ നിലയിലും മുകളിലത്തെ നിലയില്‍ പ്രകൃതിഭംഗി ആസ്വദിച്ച് ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് പുറത്ത് ചെടികള്‍ വച്ച് പിടിപ്പിച്ച് വരുന്നു.

പമ്പാനദിക്കൊരു കയര്‍ഭൂവസ്ത്രം
പമ്പാനദിയുടെ തിട്ടയില്‍ വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തും. തിട്ട ഇടിയാതെ ആളുകള്‍ക്ക് നടക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ജനകീയമായ വാതില്‍പ്പടി സേവനം
ആറന്മുള പഞ്ചായത്തില്‍ പൈലറ്റ് പ്രോഗ്രാമായി വാതില്‍പ്പടി സേവനം നടപ്പാക്കി.  ജനങ്ങളില്‍ നിന്ന് തന്നെ ഫണ്ട് കണ്ടെത്തി ഏകദേശം 45,000 രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഗ്യാസ് ക്രിമറ്റോറിയം
ഏഴിക്കാട് കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ആധുനിക ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കും. ഇതിന്റെ നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്.

ഭാവി പരിപാടികള്‍
കൊറോണയും പ്രളയവും നിരവധി പേരെയാണ് മാനസികമായി തളര്‍ത്തിയത്. അത്തരക്കാര്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരമായ ഒരു കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. ആറന്മുള ക്ഷേത്രത്തിന്റെ പരിപാവനത കാത്ത് സൂക്ഷിച്ചുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു.