** ജില്ലയിൽ റെഡ് അലേർട്ട്
** ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു
** സുസജ്ജമായിരിക്കാൻ പൊലീസിനു നിർദേശം
** മലയോര, ജലാശയ മേഖലകളിൽ വിനോദ സഞ്ചാരം നിരോധിച്ചു
** മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
** നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ
സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും സുരക്ഷാ മുൻകരുതലും
ശക്തമാക്കി.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമായിരിക്കാൻ പൊലീസ് അധികൃതർക്കു
ജില്ലാ കളക്ടര് കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. മഴ
അവസാനിക്കുന്നതുവരെ ക്വാറി പ്രവർത്തനങ്ങൾ അനുവദിക്കില്ല. മലയോര മേഖലയിലും
ജലാശയങ്ങളിലും വിനോദ സഞ്ചാരം ഒഴിവാക്കാൻ ഡി.ടി.പി.സിക്കു നിർദേശം നൽകി.
ക്രെയിൻ, മണ്ണുമാന്ത്രി യന്ത്രങ്ങൾ തുടങ്ങിയവ ആവശ്യമായിവന്നാൽ
വിന്യസിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
കെ.എസ്.ഇ.ബിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തര റിപ്പയർ
സംഘങ്ങൾ സജ്ജമാണ്. ദുരിതാശ്വാസ ക്യാംപുകൾ കൂടുതലായി തുറക്കേണ്ടിവന്നാൽ
ആവശ്യമായ നടപടിയെടുക്കാൻ തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും
നിർദേശം നൽകി. കെട്ടിടങ്ങളുടെ താക്കോൽ ഇവർ കൈവശംവയ്ക്കണം. ഉരുൾ പൊട്ടൽ,
മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ
തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ
അനുവദിക്കില്ല. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നിൽക്കുന്നതും
വിനോദങ്ങളിൽ ഏർപ്പെടുതുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചു. സാമൂഹ്യ,
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം
നൽകിയിട്ടുണ്ട്. എമർജൻസി ലൈഫ് സപ്പോർട്ട് നൽകാൻ വൈദഗ്ധ്യമുള്ള ആരോഗ്യ
പ്രവർത്തകർ ഇവിടങ്ങളിലുണ്ടാകണം. താലൂക്ക് തലത്തിൽ എമർജൻസി മെഡിക്കൽ
ടീമിനെയും തയാറാക്കി നിർത്തണം.
ജില്ലയിലെ ആറു താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയർ, 10 ലിറ്റർ
എണ്ണ, 75 ലിറ്റർ മണ്ണെണ്ണ എന്നിവ കരുതിവയ്ക്കാൻ ജില്ലാ സപ്ലൈ ഓഫിസർക്കു
നിർദേശം നൽകി. ജനങ്ങളെ ഒഴിപ്പിക്കേണ്ട ആവശ്യം വന്നാൽ കെ.എസ്.ആർ.ടി.സി.
ബസുകൾ തയാറാക്കി നിർത്തണം.
നാളെ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കളക്ടർ മുന്നറിയിപ്പ്
നൽകി. കായലിലെ മത്സ്യബന്ധനവും ഒഴിവാക്കണം. ജില്ലയിലെ പൊതുയോഗങ്ങളും
പൊതുജന സംഗമങ്ങളും നാളെ വരെ നിരോധിച്ചു. പൊതുജനങ്ങൾ പരമാവധി
വീടിനുള്ളിൽത്തന്നെ കഴിയണമെന്നും പ്രള മേഖലയിലും മണ്ണിടിച്ചിൽ
മേഖലയിലുമുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും കളക്ടർ
അഭ്യർഥിച്ചു. ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ
തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകൾ
അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്നും
കളക്ടർ നിർദേശിച്ചു.