തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 6679 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു
മാറ്റിയതായി ജില്ലാ കളക്ടർ ഡോ. കെ വാസുകി പറഞ്ഞു. 63 ദുരിതാശ്വാസ
ക്യാമ്പുകളിലായി 1330 കുടുംബങ്ങളുണ്ട്. 67 സ്ത്രീകളും 1782 പുരുഷന്മാരും
1430 കുട്ടികളുമാണ് ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്.

തിരുവനന്തപുരം താലൂക്കിലെ 32 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 1992 പേരും
നെയ്യാറ്റിൻകര താലൂക്കിലെ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളിൽ 1810
പേരുമാണുള്ളത്. ചിറയിൻകീഴിൽ അഞ്ച് കേന്ദ്രങ്ങളിലായി 1094 പേരെത്തിയപ്പോൾ
കാട്ടാക്കടയിൽ 1256 പേരും നെടുമങ്ങാട് 475 പേരും വർക്കലയിൽ 49 പേരും
സുരക്ഷിതരായി ക്യാമ്പുകളിലുണ്ട്.

തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകൾ ഉള്ളത്.
ശാസ്തമംഗലം വിവേകാനന്ദ പുസ്തകശാലയിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ്
ഏറ്റവുമധികം ആളുകൾ എത്തിയിട്ടുള്ളത്. 52 കുടുംബങ്ങൾ ഇവിടെ സുരക്ഷിതരാണ്.
അതത് താലൂക്ക് ഓഫീസുകൾക്കാണ് ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും
വിതരണ ചുമതല. താലൂക്ക് ഓഫീസുകളിൽ പാചകം ചെയ്യുന്നതിനോടൊപ്പം വ്യക്തികളും
സന്നദ്ധ സംഘടനകളും എത്തിക്കുന്ന ആഹാരവും ഇവിടെ നിന്നും വിതരണം
ചെയ്യുന്നു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ സംഘങ്ങളുടെ സേവനവും
ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഔരുക്കുന്നതിനായി
ഡെപ്യൂട്ടി കളക്ടർമാർക്ക് ഓരോ ക്യാമ്പുകളുടെയും ചുമതല നൽകിയിട്ടുണ്ട്.