പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായത്തിന് നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു. ധാരാളം ഏജന്‍സികളും ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ സന്നദ്ധരായി വരുന്നുണ്ട്. എങ്കിലും ഇത്തരം സഹായങ്ങള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദവും അംഗീകാരവുമില്ലാതെ ഒരു ഏജന്‍സിയും യാതൊരുവിധ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കരുതെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള ഏജന്‍സികളുടെ അപേക്ഷ ലഭിച്ചാലുടന്‍ മെഡിക്കല്‍ ക്യാമ്പില്‍ നല്‍കാനുദ്ദേശിക്കുന്ന സേവനങ്ങള്‍ കുറ്റമറ്റതും ഗുണമേന്മയുള്ളതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധിക്കേണ്ടതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.