പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും ഒരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മധുരം പുഴ ചാല്‍ വൃത്തിയാക്കാന്‍ പദ്ധതി നടപ്പാക്കും. പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും വാങ്ങാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂതക്കുഴി പാറമടയിലെ കാഴ്ചകള്‍ ആസ്വദിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. തോടുകളും നദിയും അതിര്‍ത്തി തീര്‍ക്കുന്ന കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു സംസാരിക്കുന്നു:

വികസന പ്രവര്‍ത്തനങ്ങള്‍
തെങ്ങേലി എല്‍ പി സ്‌കൂളിന്റെയും ലക്ഷം വീട് കോളനിയിലെ റോഡിന്റെയും പണി പുരോഗമിക്കുന്നു. റീബില്‍ഡ് കേരളയുടെ ഭാഗമായി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, പതിനൊന്ന് വാര്‍ഡുകളില്‍ റോഡ് നിര്‍മാണം നടക്കുന്നു. എല്ലായിടത്തും വഴി വിളക്കുകള്‍ സ്ഥാപിച്ചു. വെള്ളപൊക്ക ഭീഷണി നേരിടാന്‍ ബോട്ടും വള്ളവും വാങ്ങാന്‍ പഞ്ചായത്തിന് പദ്ധതി ഉണ്ട്. കുറ്റൂര്‍ ചന്തയ്ക്കുള്ളില്‍ ഓപ്പണ്‍ സ്റ്റേജ് ഒരുക്കുന്നതും പരിഗണനയില്‍ ഉണ്ട്. ഇപ്പോള്‍ ചന്തയില്‍ വിപണി മാത്രമേ ഉള്ളൂ. ചന്ത പഴയതു പോലെ പ്രവര്‍ത്തിപ്പിക്കാനാണ് ആഗ്രഹം. എസ്.സി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായവും പഞ്ചായത്ത് നല്‍കുന്നു. വ്യവസായ സംരംഭകരില്‍ നിന്നുള്ള പുതിയ കണ്ടുപിടുത്തങ്ങളെയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കുന്നു.

ക്രിമറ്റോറിയം
ഒമ്പതാം വാര്‍ഡില്‍ പുതുതായി ശ്മശാനം പണിയും. അതിനായി സ്ഥലം ഏറ്റെടുത്തു. 14 -ാം വാര്‍ഡിലുള്ള പൊതു ശ്മാശനത്തില്‍ ഗ്യാസ് സംവിധാനം നടപ്പാക്കാനും പദ്ധതി ഉണ്ട്.

നദീസംരക്ഷണം
മണിമലയാറ്റില്‍ മണല്‍പ്പുറ്റുകള്‍ ഉള്ളതു കൊണ്ട് നദി ഗതി മാറി ഒഴുകാനുള്ള സാഹചര്യം ഉണ്ട്. പാരിസ്ഥിതിക ആഘാതം ഉണ്ടാകാതെ ഇതിനു പരിഹാരം കാണേണ്ടതുണ്ട്. തിരുവല്ല മുന്‍സിപ്പാലിറ്റിയുടേയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ തീരുമാനം പഞ്ചായത്തിന് മാത്രമായി എടുക്കാന്‍ സാധിക്കില്ല. അതുപോലെ തോടുകളും ചെറിയ കുളങ്ങളും വീണ്ടെടുത്താല്‍ മാത്രമേ വെള്ളപ്പൊക്കം തടയാന്‍ സാധിക്കൂ. ജില്ലാ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ആഞ്ഞിലിക്കുഴി തോട് ശുചിയാക്കാനും തിരുവന്‍വണ്ടൂര്‍, കൂറ്റൂര്‍ പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ സാധിക്കും.

ആരോഗ്യം
പ്രാഥമികാരോഗ്യ കേന്ദ്രവും ആയുര്‍വേദ ആശുപത്രിയും ഹോമിയോ ആശുപത്രിയും മൃഗാശുപത്രിയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. യോഗ ക്ലാസ് ഉടന്‍ ആരംഭിക്കും. പാലിയേറ്റീവ് കെയര്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ഭാവി പദ്ധതികള്‍
ജലജീവന്‍ പദ്ധതി പഞ്ചായത്തില്‍ ആരംഭിച്ചു. എല്ലാ വീടുകള്‍ക്കും പൈപ്പ്ലൈന്‍ കണക്ഷന്‍, പഞ്ചായത്തില്‍ സഞ്ചാരയോഗ്യമായ റോഡുകള്‍, തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. പഞ്ചായത്തില്‍ 3 മത്സ്യതൊഴിലാളികള്‍ക്ക് കുട്ടവഞ്ചി നല്‍കുന്നതിന് പദ്ധതി ഉണ്ട്. സബ്‌സിഡി നിരക്കില്‍ പഞ്ചായത്തിലെ വീടുകളില്‍ അടുപ്പ് നല്‍കുന്ന പദ്ധതിയും മുന്നോട്ട് വയ്ക്കുന്നു.