കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നതിനാള്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടുമുയര്‍ത്തി. പനമരം പുഴയില്‍ നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് വെള്ളം തുറന്നുവിടുന്നതു ക്രമീകരിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം രാവിലെ മുതല്‍ ഘട്ടംഘട്ടമായി 30 സെന്റിമീറ്റര്‍ വരെയാണ് മൂന്നു ഷട്ടറുകളും ഉയര്‍ത്തിയത്. നേരത്തെ ഇത് 20 സെന്റിമീറ്റര്‍ വരെയായിരുന്നു. വൈകീട്ട് നാലോടെ പനമരത്ത് നേരിയ തോതില്‍ വെള്ളമുയര്‍ന്നതായി ഓവര്‍സിയര്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നും ഇരുകരകളിലും റിസര്‍വോയറിനു സമീപവും താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം, ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 265 സെന്റിമീറ്റില്‍നിന്നും വൈകിട്ട് അഞ്ചോടെ 255 സെന്റീമീറ്ററായി താഴ്ത്തി. കടമാന്‍തോട്ടിലൂടെയുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥരും ജാഗ്രത തുടരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ലഭിച്ച കണക്കനുസരിച്ച് ഡാമിലെ വെള്ളത്തിന്റെ അളവ് 774.6 മീറ്ററാണ്.