ജില്ലയിൽ 200 നവകേരളം പച്ചത്തുരുത്തുകൾ പൂർത്തിയായി. തിരിച്ചുപിടിക്കുന്നത് കിളികൾക്കും മൃഗങ്ങൾക്കുമായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥ. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അര സെന്റിന് മുകളിലുള്ള സ്ഥലത്താണ് പച്ചത്തുരുത്ത് നിർമിക്കുന്നത്. പ്രകൃതിയെ തന്നെ പാഠപുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ 35 സർക്കാർ സ്‌കൂളുകളിൽ പച്ചത്തുരുത്തുകളും ശലഭോദ്യാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെടികളെയും വൃക്ഷങ്ങളെയും കണ്ടറിഞ്ഞും പരിപാലിച്ചും പ്രകൃതിയിലെ അറിവുകൾ സ്വാംശീകരിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതാണ് പദ്ധതി. മുള ഇരിപ്പിടങ്ങളും സസ്യവേലികളും ഇവയുടെ മാറ്റുകൂട്ടുന്നു.
മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ചങ്ങലപ്പാലത്തും വാകത്താനം വാഴപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇടത്തറകടവ് ചീരഞ്ചിറയിലും വഴിയോര പച്ചത്തുരുത്തുകൾ സ്ഥാപിച്ചതോടെ വിനോദോപാധിയായി മാറി. പേര, സീതപ്പഴം, നെല്ലി, നീർമാതളം, ചാമ്പ, മന്ദാരം, ആര്യവേപ്പ്, നീർമരുത്, ലാത്തിമുള, ചന്ദനം, രക്ത ചന്ദനം എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, തണൽമരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയവയാണ് ഇവിടെ നടുന്നത്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരമേഖലയിലും തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പ്രവർത്തകർ ഇവ സജ്ജീകരിക്കുകയും മൂന്നുവർഷം കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു.
സർക്കാർ 2019 ൽ വിഭാവനം ചെയ്ത പദ്ധതിക്കായി വൃക്ഷത്തെകൾ വനംവകുപ്പ് സാമൂഹികവനവൽക്കരണ വിഭാഗം നൽകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മേൽനോട്ടചുമതല. ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ പരിശോധനയും വിലയിരുത്തലും ജിയോ ടാഗിംഗും വീഡിയോ ഡോക്യുമെന്റേഷനും നടത്തുന്നു. കൃഷി വകുപ്പും നാഷണൽ സർവീസ് സ്‌കീമും പങ്കാളികളാണ്. മണർകാട് സർക്കാർ ഹോമിയോ ആശുപത്രിയും ജില്ലാ ആയുർവേദ ആശുപത്രിയും നവകേരളം പച്ചത്തുരുത്ത് പരിപാലിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തമ മാതൃകകളാണ്. രണ്ടാഴ്ചയ്ക്കകം നട്ടാശ്ശേരി പുത്തേട്ട് സർക്കാർ യു.പി. സ്‌കൂളിൽ പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്കു തുടക്കമാകും.