ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ പതിനെട്ട് മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനും, അഭിപ്രായസ്വരൂപണത്തിനും,  ജനങ്ങളുമായി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം നടത്താനുമുതകുന്ന തരത്തില്‍ മന്ത്രിമാരുടെ വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. മന്ത്രിമാരായ ഡോ. തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഐ.ആന്‍ഡ്.പി.ആര്‍ ഡയറക്ടര്‍ ഡോ. കെ. അമ്പാടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രൂപകല്പനയിലും, അവതരണത്തിലും ആകര്‍ഷകവും, ഉപഭോക്തൃസൗഹൃദവുമായ രീതിയിലാണ് വെബ് സൈറ്റുകള്‍ സജ്ജീകരിച്ചിരുക്കുന്നത്. മന്ത്രിമാരുടെ ദൈനംദിനപരിപാടികളുടെ വാര്‍ത്തകള്‍, പത്രകുറിപ്പുകള്‍, ഇന്റര്‍വ്യൂകള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ നൂതന കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് വെബ്‌സൈറ്റുകളില്‍ കൈകാര്യം ചെയ്യുന്നത്.
കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ അധിഷ്ഠിതമായി, രൂപകല്‍പ്പനയിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌പോര്‍ട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുന്‍ പോര്‍ട്ടലില്‍ നിന്ന് വ്യത്യസ്തമായി വകുപ്പ് നിര്‍മിച്ചിട്ടുള്ള വീഡിയോ ഡോക്യൂമെന്റ്ററികള്‍, വകുപ്പിന്റെ കീഴിലുള്ള നവീകരിച്ച ടാഗോര്‍ തിയറ്ററിന്റെ സജ്ജീകരണങ്ങള്‍, ബുക്കിംഗ്, സൗകര്യങ്ങള്‍ എന്നിവ ചിത്രസഹിതം പ്രതിപാദിക്കുന്ന പ്രത്യേക സെക്ഷന്‍, വാര്‍ത്താസംബന്ധമായ ഏറ്റവും പുതിയ വീഡിയോ, വാര്‍ത്താക്കുറിപ്പുകള്‍, സര്‍ക്കാരിന്റെ പ്രധാനപദ്ധതികള്‍, കേരളത്തിന്റെ വികസന-ക്ഷേമ മുന്നേറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബാനര്‍ പരസ്യങ്ങള്‍ എന്നിവ പുതിയ പോര്‍ട്ടലിന്റെ പ്രത്യേകതകളാണ്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള മന്ത്രിമാരുടെയും, വകുപ്പിന്റെയും വെബ്‌സൈറ്റുകളുടെ സാങ്കേതികപരിപാലന ചുമതല സി-ഡിറ്റിനാണ്. പൊതുജനങ്ങള്‍ക്ക് മന്ത്രിമാരുടെ വെബ്‌സൈറ്റുകളുടെ URL ഐ.ആന്‍ഡ്.പി.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ www.prd.kerala.gov.in ല്‍ Quick Links എന്ന സെക്ഷനില്‍ ലഭിക്കും.