കേരളത്തിലെ നൈപുണ്യ വികസനത്തിനു പുതുമാനം നൽകുവാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കമ്പനിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) ഏവിയേഷൻ രംഗത്തെ വ്യവസായ പ്രമുഖരായ ജി എം ആർ എയർപോർട്ട് ലിമിറ്റഡിന്റെ ബിസിനസ് ഡിവിഷനായ ജി എം ആർ ഏവിയേഷൻ അക്കാഡമിയുമായി ധാരണാ പത്രം ഒപ്പുവച്ചു. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കളമശ്ശേരിയുടെ ഓപ്പറേറ്റിംഗ് പാർട്ണർ ആയി ജി എം ആർ ഏവിയേഷൻ അക്കാഡമിയെ നിയമിച്ചുകൊണ്ടുള്ളതാണ് ധാരണാപത്രം.
ഏവിയേഷൻ രംഗത്തെ വർദ്ധിച്ചു വരുന്ന തൊഴിൽ സാധ്യതകളുടെ പ്രയോജനം കേരളത്തിലെ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ അസാപ്പും ജി എം ആർ ഏവിയേഷൻ അക്കാഡമിയും സംയുക്തമായി കളമശ്ശേരി സ്‌കിൽ പാർക്കിൽ നടത്തും.
ഡ്രോൺ ടെക്‌നോളജി, ക്യാബിൻ ക്രൂ മാനേജ്‌മെന്റ്, കാർഗോ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫയർ ഫൈറ്റിംഗ്, റീറ്റെയ്ൽ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളാണ് സ്‌കിൽ പാർക്കിലൂടെ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
ഇതോടൊപ്പം സ്‌കിൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള എആർ/ വിആർ ലാബിന്റെ സഹായത്തോടെ ഐടി രംഗത്തെ തൊഴിൽ അവസരങ്ങൾക്കു അനുയോജ്യമായ എആർ/ വിആർ ടെക്‌നൊളജിയിൽ അധിഷ്ഠിതമായ ഗെയിം ഡെവലപ്പർ, വി ആർ ഡെവലപ്പർ, പ്രോഗ്രാമർ, ആർടിസ്റ്റ് തുടങ്ങി യൂണിറ്റി സർട്ടിഫിക്കേഷനോട് കൂടിയ കോഴ്‌സുകളിലും അസാപ് പരിശീലനം ലഭ്യമാകും.