ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോയമ്പത്തൂരില്‍ നിന്നും സി.ആര്‍.പി.എഫിന്റെ 288 അംഗ ദ്രുതകര്‍മസേന എത്തി. ജില്ലയിലെ പ്രധാനപ്പെട്ട ദുരിതബാധിത പ്രദേശങ്ങളിലേക്ക് നാലു സംഘമായാണ് ഇവര്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ഓപ്പറേഷന്‍ മധുവിന്റെ നേതൃത്വത്തില്‍ 84 അംഗ സംഘമാണ് ഇന്ന് പുലര്‍ച്ചെ ഏഴുപേരുടെ മരണത്തിനിടയാക്കിയ നെന്മാറ ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലം ഉള്‍പ്പെടെ നെല്ലിയാമ്പതി-ചിറ്റൂര്‍ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചിലാണ് സംഘത്തിന്റെ പ്രഥമ ദൗത്യം. പട്ടാമ്പി-ഒറ്റപ്പാലം ഭാഗത്ത് 65 അംഗ സേനയെ നയിക്കുന്നത് അസിസ്റ്റന്റ് കമാന്‍ഡന്റ് എ. ഇലങ്കോവനാണ്. മണ്ണാര്‍ക്കാട് മേഖലയില്‍ സി.ഐ ഷൈജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ 64 അംഗ സംഘവും ആലത്തൂര്‍-പാലക്കാട് ദുരിതബാധിത പ്രദേശങ്ങളില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേശിന്റെ നേതൃത്വത്തില്‍ 75 അംഗ ദ്രുതകര്‍മസേനയുയെമാണ് വിന്യസിച്ചിരിക്കുന്നത്.