മിലിട്ടറി എഞ്ചിനീയറിങ്  വിഭാഗം ജില്ലയിലെ രണ്ടാം ദൗത്യവും പൂര്‍ത്തിയാക്കി. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ അങ്കണവാടി പാലമാണ് പ്രത്യേക ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ആദിവാസികള്‍ ഉള്‍പ്പെടെ 35  കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വലിയകാട് മായപ്പാറ കോളനിയിലേക്കുള്ള പാലം കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടതു പ്രകാരം സ്ഥലത്തെത്തിയ മിലിട്ടറി എഞ്ചിനീയറിങ് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ പാലം പുനര്‍നിര്‍മിച്ചു. നാട്ടുകാരും പൂര്‍ണമായി സഹകരിച്ചതായി ക്യാപ്റ്റന്‍ കുല്‍ദീപ് സിങ് റാവത്ത് പറഞ്ഞു. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, പഞ്ചായത്ത് ജീവനക്കാര്‍, സ്ഥലം എം.എല്‍.എ വി.എസ്.അച്യുതാനന്ദന്റെ പി.എ.അനില്‍കുമാര്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. അട്ടപ്പള്ളം റോഡും മിലിട്ടറി എഞ്ചിനീയറിങ് വിഭാഗം നാലുമണിക്കൂറിനകം പുനര്‍നിര്‍മിച്ചിരുന്നു.