കിഫ്ബി – പെൻഷൻ വായ്കൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായ പ്രകടനം താൻ നടത്തിയെന്ന രീതിയിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് പറഞ്ഞു. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു വെബിനാറിൽ കിഫ്ബി, കെ.എസ്.എസ്.പി.എൽ പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ മുഖേനയുള്ള വായ്പകളിൽ കേന്ദ്ര സർക്കാർ കർശന നിയന്ത്രണത്തിനു സാധ്യതയുണ്ടെന്ന തന്റെ വിലയിരുത്തലുമായി ബന്ധപ്പെടുത്തിയാണു തെറ്റിദ്ധാരണാജനകമായ വാർത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പോലുള്ള ഏജൻസികൾ മുൻകാലങ്ങളിൽ ബജറ്റിനു പുറത്തുനിന്നെടുത്ത വായ്പകൾക്കു ബജറ്റ് വിഹിതം അനുവദിക്കാൻ തുടങ്ങിയതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിന്റെ കാര്യത്തിലും ഭാവിയിലുണ്ടായേക്കാവുന്ന ഒരു സാധ്യത ചൂണ്ടിക്കാണിക്കുകമാത്രമാണു വെബിനാറിൽ ചെയ്തത്. ഈ നീക്കം മുൻനിർത്തി യാദൃശ്ചിക ബാധ്യതകളുടേയും നേരിട്ടുള്ള ബാധ്യതകളുടേയും കാര്യത്തിൽ കൂടുതൽ വ്യക്തതയോടെ മുന്നോട്ടുപോകണമെന്നാണു പറഞ്ഞത്. വായ്പാ കണക്കുകളിലെ സുതാര്യത മുൻനിർത്തി യഥാർഥ ബാധ്യതകളും ആകസ്മിക ബാധ്യതകളും ഭാവിയിൽ ബജറ്റ് രേഖകളിൽ പ്രതിഫലിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് ഉദ്ദേശിച്ചത്.

കിഫ്ബി പോലെയുള്ളവയുടെ വായ്പകൾ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. സർക്കാർ ഗ്യാരന്റിയിൽ സുരക്ഷിതമായ ഈ വായ്പകൾ ആകസ്മിക ബാധ്യതകളല്ലാതെ മറ്റെന്തെങ്കിലുമാണെന്നു പ്രസംഗത്തിൽ ഒരിടത്തും പറയുന്നില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള വ്യക്തതക്കുറവുകൊണ്ടോ വിവർത്തനത്തിലെ പിഴവുകൊണ്ടോ ആണ് തെറ്റിദ്ധാരണയുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.