സംസ്ഥാനത്ത് മഴ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പലേടത്തും ശക്തമായി തുടരുകയാണെന്നും രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി രാവിലെ ഫോണിൽ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ആയിരക്കണക്കിനാളുകൾ വിവിധസ്ഥലങ്ങളിൽ ഒറ്റപ്പെട്ടുകഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തീവ്രമായി തുടരുകയാണ്. കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ ഒത്തുചേർന്ന ഫലപ്രദമായി പ്രവർത്തിക്കുന്നു.
ഇന്നത്തെ കണക്കനുസരിച്ച് 52,856 കുടുംബങ്ങളിലെ 2,23,000 പേരെ വിവിധ സ്ഥലങ്ങളിൽ നിന്നു രക്ഷപ്പെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് 164 പേർ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിച്ചിട്ടുണ്ട്. ഇന്നു രാവിലെ തന്നെചാലക്കുടിയിൽ മൂന്നും എറണാകുളത്ത് അഞ്ചും പത്തനംതിട്ടയിൽ ഒന്നും ഹെലികോപ്ടറുകൾ കൂടുതലായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇന്നലെത്തന്നെ രണ്ടുവീതം ഹെലികോപ്ടറുകളെത്തും. ഇതുകൂടാതെ 11 ഹെലികോപ്ടറുകൾ കൂടി എയർഫോഴ്‌സിന്റെ കൈവശമുണ്ട്. അത് കൂടുതൽ പ്രസ്‌നങ്ങളുള്ള പ്രദേശങ്ങളിൽ വിന്യസിക്കും. കൂടുതൽ ഹെലികോപ്ടറുകളും മറ്റു സജ്ജീകരണങ്ങളും വേണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലത്തെ യോഗ തീരുമാനമനുസരിച്ച് തൃശൂർ, ചാലക്കുടി, ആലുവ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കൂടുതൽ ബോട്ടുകൾ എത്തിച്ചു. നൂറ്റി അമ്പതിലേറെ ബോട്ടുകൾ ഇന്ന് രാവിലെ എത്തി. ചെങ്ങന്നൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവരെ ഹെലികോപ്ടർ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താനാവുമായിരുന്നുള്ളൂ. അവരെ രക്ഷപ്പെടുത്തി.
ആർമിയുടെ 16 ടീമുകൾ വിവിധ കേന്ദ്രങ്ങളിൽ കൃത്യനിർവഹണത്തിലാണ്. നാവികസേനയുടെ 13 ടീമുകൾ തൃശൂരിലും 10 ടീമുകൾ വയനാട്ടിലും നാല് ടീമുകൾ ചെങ്ങന്നൂരിലും 12 ടീമുകൾ ആലുവയിലും മൂന്ന് ടീമുകൾ പത്തനംതിട്ടയിലും പ്രവർത്തിക്കുന്നു. നാവികസേനയുടെ മാത്രം മൂന്നു ഹെലികോപ്ടറുകളും രംഗത്തുണ്ട്.
കോസ്റ്റ്ഗാർഡിന്റെ രക്ഷാപ്രവർത്തകർ 28 കേന്ദ്രങ്ങളിൽ പ്രവർത്തന നിരതരാണ്. കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്ടറുകളും രംഗത്തുണ്ട്. എൻഡിആർഎഫിന്റെ 39 ടീമുകൾ പ്രവർത്തിക്കുന്നു. ഇതിനു പുറമേ 14 ടീമുകൾ കൂടി  ഉടനെ എത്തും. എൻഡിആർഎഫ് മാത്രം ഇതിനകം നാലായിരം പേരെയും നാവികസേന 550 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇടുക്കി, വയനാട് ജില്ലകളിൽ മഴ കുറഞ്ഞിട്ടുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും വെള്ളം താണു. ചെങ്ങന്നൂരും തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂടുതലാണ്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനില താഴ്ന്നിട്ടില്ല. ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണവും വെള്ളവും സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യവിഭാഗം ഒരു ലക്ഷം രൂപയുടെ ഭക്ഷണ പായ്ക്കറ്റുകൾ എത്തിച്ചു. ഡിആർഡിഒയും ഭക്ഷ്യപദാർത്ഥങ്ങൾ എത്തിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ത്തെിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. കൂടുതൽ പ്രശ്‌നമുള്ള സ്ഥലങ്ങളിൽ നിന്ന്  ഓരോ മണിക്കൂറിലും വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഓരോ നാലു മണിക്കൂറിലും രക്ഷാ പ്രവർത്തനവും മറ്റു കാര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വിവരങ്ങൾ ലഭ്യമാക്കും. പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്നു രാവിലെ ഉന്നതതലയോഗം ചേർന്നിരുന്നു. വൈകിട്ട് വീണ്ടും യോഗം ചേരും.
ഓരോ മേഖലയിലും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും നല്ല ജാഗ്രത വേണം.
പ്രളയബാധിതപ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിർദേശം ചിലർ പാലിക്കുന്നില്ല എന്നത് പ്രധാന പ്രശ്‌നമാണ്. കൂടുതൽ ആപത്ത് വരാതിരിക്കാൻ ഇത്തരം നിർദേശങ്ങൾ എല്ലാവരും പാലിക്കണം.
നിലവിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം പേരെ ഇന്നുതന്നെ രക്ഷപ്പെടുത്താനുള്ള അതിവിപുലമായ സജ്ജീകരണങ്ങൾ ഉണ്ട്. പെര്ങ്ങൽക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം പൂർണമായും ഉൾക്കൊണ്ട പ്രതികരണമാണ് പ്രധാനമന്ത്രിയിൽനിന്നും കേന്ദ്രമന്ത്രിമാരിൽ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി . ചന്ദ്രശേഖരൻ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.