അസാപ്പ് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് റിവ്യൂ കമ്മിറ്റി യോഗം ചേർന്നു. ക്രൈസ്റ്റ് കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വൈവിധ്യമാർന്ന 133 കോഴ്സുകൾ മേളയിൽ പരിചയപ്പെടുത്തും.
സ്വന്തം നൈപുണ്യവും അതിന്റെ വിപണി സാധ്യതയും സംബന്ധിച്ച് തിരിച്ചറിവുണ്ടാക്കുകയാണ് ഇത്തരം മേളകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുമായി ബന്ധപ്പെട്ട് ഓരോ പഞ്ചായത്തിലും സംഘാടക സമിതികൾ ചേർന്നിരുന്നു. പ്രചാരണത്തിനായി ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചുവരികയാണെന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി പറഞ്ഞു.
നൈപുണ്യ മേളയുടെ ഭാഗമായി രജിസ്ട്രേഷൻ, സ്റ്റാളുകൾ, സജ്ജീകരണങ്ങൾ എന്നിവ സംബന്ധിച്ച് വിവിധ കമ്മിറ്റികളുടെ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. നിലവിൽ പഞ്ചായത്ത് തലത്തിലും കോളേജ് തലത്തിലുമായി 2500 ഓളം പേരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.യോഗത്തിൽ അസാപ്പ് സംസ്ഥാന കോർഡിനേറ്റർ ടി വി ഫ്രാൻസിസ്, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫോ. ജോയ് പീനിക്ക പറമ്പിൽ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, അധ്യാപകർ, വളണ്ടിയർമാർ, അസാപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.