• രക്ഷപ്പെടുത്തി എത്തിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി
  • ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററിലും ലോറിയിലും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക്
  • 3000 പേർക്കുള്ള ഭക്ഷ്യവസ്തുക്കൾ ടെക്‌നിക്കൽ ഏരിയയിൽ സംഭരിച്ചു
  • ദുരന്ത ബാധിതർക്കു സഹായം വാഗ്ദാനം ചെയ്തു സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും

പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ സഹായ ഹബ് ആയി തിരുവനന്തപുരം. ഇവിടങ്ങളിൽനിന്നു രക്ഷപ്പെടുത്തി എത്തിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനും ഈ ജില്ലകളിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ രക്ഷാ പ്രവർത്തനത്തിന് അയക്കുന്നതിനുമുള്ള ഊർജിത ശ്രമങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ മേഖലയിലും വർക്കലയിലുമാണ് പത്തനംതിട്ട ജില്ലയിൽനിന്നു രക്ഷപ്പെടുത്തുന്ന ആളുകളെ എത്തിക്കുന്നത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

700 പേർക്കുള്ള ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ഇന്നു രാവിലെ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് അയച്ചു. ഇവ ദുരിതബാധിത മേഖലകളിൽ എയർ ഡ്രോപ്പ് നടത്തും. എറണാകുളത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും ഹെലികോപ്റ്ററിൽ അയച്ചിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് അയക്കാനുള്ള ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും ടെക്‌നിക്കൽ ഏരിയയിൽ സംഭരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ വരുന്ന മുറയ്ക്ക് ഇവ അവിടേയ്ക്കു കൊണ്ടുപോകും. 3000 പേർക്കുള്ള ഭക്ഷണവും 200 ലൈഫ് ജാക്കറ്റുകളും സൈന്യം ടെക്‌നിക്കൽ ഏരിയയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവയും വൈകാതെ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിൽ എത്തിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ 125 പേർ അടങ്ങുന്ന സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരെ ഏഴു സംഘങ്ങളായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് അയച്ചു. ഇതിനായി പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ വാഹനങ്ങളും വിന്യസിച്ചിരുന്നു.

തിരുവനന്തപുരത്തേക്ക് എത്തുന്ന ആളുകൾക്കു താമസിക്കുന്നതിന് സൗകര്യവും മറ്റു നൽകുന്നതിനു വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്. %