വഴുതക്കാട് ഗവണ്‍മെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് മുപ്പതോളം കുട്ടികള്‍ അധ്യാപകരോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ചേമ്പറില്‍ എത്തിയത്. ഒന്നാംതരം മുതല്‍ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന കുട്ടികളായിരുന്നു ഇവര്‍. കുട്ടികള്‍ ഉച്ചയ്ക്കും വൈകിട്ടും കഴിച്ച ഭക്ഷണത്തെക്കുറിച്ച് കുശലാന്വേഷണം നടത്തിയ മുഖ്യമന്ത്രി ഓരോരുത്തര്‍ക്കും ലഡു വിതരണം ചെയ്തു.
ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുളള സ്‌കൂളുകളുടെ കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആവശ്യം. ഇക്കാര്യത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നായി മുഖ്യമന്ത്രി. ഭിന്നശേഷിക്കാര്‍ക്കുളള ഭക്ഷണത്തിനുളള വിഹിതം 50 രൂപയില്‍നിന്ന് 100 രൂപയാക്കുന്ന കാര്യം പരിശോധിക്കും. നിലവില്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുളള കുട്ടികള്‍ വഴുതക്കാട് സ്‌കൂളില്‍ താമസിച്ച് മറ്റൊരു സ്‌കൂളില്‍ പോയി പഠനം നടത്തിവരികയാണ്. ഇത് പരിഹരിക്കാന്‍ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. 5 മുതല്‍ 12 വരെ പഠനം നടത്തുന്ന 20 കുട്ടികള്‍ക്ക് ലാപ് ടോപ് നല്‍കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി സ്വീകരിച്ചു. രോഗബാധിതയായ ഹലീനയ്ക്ക്  ചികിത്സാ സഹായം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചതോടെ കുട്ടികള്‍ സന്തോഷത്തോടെ പിരിഞ്ഞു.