മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിഭാഗം ഈ അധ്യയന വര്‍ഷത്തിലെന്ന് മന്ത്രി
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു കേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒന്‍പത് കോടി രൂപ അനുവദിച്ചതായി ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പ്രവൃത്തി പുനരാരംഭിക്കുക. ഭരാണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പഴയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കാനാവാത്തതിനാലാണ് ഒന്‍പത് കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചത്. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിഭാഗം ഈ അധ്യയനം തന്നെ തുടങ്ങുമെന്നും
മന്ത്രി പറഞ്ഞു. ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി 2.3 കോടി ചെലവഴിച്ചാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍ സജ്ജമാക്കിയത്. മൂന്ന് വാര്‍ഡുകളിലായി ആകെ 37 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മട്ടുമ്മല്‍ സലീം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ കരീം, നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷ അരുമ ജയ കൃഷ്ണന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.