കഴിഞ്ഞ രണ്ട് ദിവസമായി മുഴുവന്‍ സമയവും കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഡി.ഐ.ജി ഷഫീന്‍ അഹമ്മദ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ , ജില്ലാകളക്ടര്‍ പി.ബി നൂഹ് എന്നിവരോടൊപ്പം ചേര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും ഏകോപിപ്പിച്ച് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്യോഗസ്ഥരോടൊപ്പം പൂര്‍ണസമയവും കണ്‍ട്രോള്‍ റൂമില്‍ തങ്ങുന്നു. ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേരുന്ന എല്ലാ യോഗങ്ങളിലും മന്ത്രി പങ്കെടുക്കുന്നു. രാപകല്‍ ഭേദമില്ലാതെ ഉറക്കം പോലും മാറ്റി വച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി നേതൃത്വം നല്‍കുന്നത്. 15 ന് സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് ശേഷം റാന്നിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. ഡിങ്കികള്‍ ലോറിയില്‍  വെള്ളത്തിലിറക്കുന്നതിന് തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും ഒപ്പം മന്ത്രിയും ഏറെ സമയം ജോലി ചെയ്തു. ഇന്നലെ (16നും) ഇന്നും (17) പൂര്‍ണസമയവും കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരുന്നു. മന്ത്രിയുടേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഏറെ സഹായകരമാകുന്നുണ്ട്.