നീരൊഴുക്ക് കുറഞ്ഞു

ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ 120 സെന്റിമീറ്ററില്‍ നിന്നും 90 സെന്റിമീറ്ററായും പമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ നാലെണ്ണം അറുപത് സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററിലേക്കും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്ററിലേക്കും താഴ്ത്തിയിട്ടുള്ളതിനാല്‍ നദികളിലെ ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. നദികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയില്ല. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ജലം ഇറങ്ങുന്നതിന് അനുസരിച്ച് ജില്ലയിലെ താഴ്ന്ന പ്രദേശമായ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടാകാം. ഇത് മുന്നില്‍ കണ്ട് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ കൂടുതല്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തകരേയും വിന്യസിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പത്ത് ട്രക്കുകളിലായി എത്തുന്ന ഭക്ഷണസാധനങ്ങള്‍ വിവിധ താലൂക്കുകളിലായി ക്യാമ്പുകളുടെ എണ്ണത്തിന് അനുസരിച്ച് വിതരണം ചെയ്യാന്‍ പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി താലൂക്കിലെ ഇടയാറന്മുള ചെട്ടിമുക്ക് ആറാട്ടുപുഴ മാലക്കര നീര്‍വിളാകം എന്നീ ഭാഗങ്ങളില്‍ സാധാരണ ബോട്ടുകളില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഇരട്ട എഞ്ചിനുള്ള എട്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. ഈ ബോട്ടുകളുപയോഗിച്ച ഇവിടെയുള്ള എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുന്നത് . ഇതോടൊപ്പം ബോട്ടുകള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നേവിയുടെ ഹെലികോപ്ടറിന്റെ സഹായത്തോടെ ആളുകളുടെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടന്ന് വരുന്നത്. ഹെലികോപ്ടറുകളില്‍ ഒഴിപ്പിക്കുന്ന ആളുകളെ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, തിരുവല്ല മര്‍ത്തോമ കോളേജ് ഗ്രൗണ്ട്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഇറക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ കോഴിപ്പാലം, മാരാമണ്‍, ആറന്മുള, നെടുംപ്രയാര്‍ എന്നീ ഭാഗങ്ങളിലുള്ളവരെയും തിരുവല്ല താലൂക്കിലെ നിരണം പൊടിയാടി തുടങ്ങി തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരെയും പത്തനംതിട്ടയിലെ കൈപ്പട്ടൂര്‍ അഴൂര്‍ എന്നീ സ്ഥലങ്ങളിലും ഹെലികോപ്ടറിന്റെ സേവനം ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടന്ന് വരുന്നത്.
നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഭക്ഷണസാധനങ്ങളുടേയും മറ്റും അഭാവം ആളുകളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം പരമാവധി ആളുകളെ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര ,പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ മാത്രം 38 ബോട്ടുകള്‍ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ലോറികളില്‍ എത്തിക്കുന്ന ബോട്ടുകള്‍ക്ക് ലഭ്യമാക്കുന്നിതിനാവശ്യമായ ഇന്ധനം ജില്ലയിലെ വിവിധ പമ്പുകളില്‍ നിന്നും ശേഖരിച്ച് എത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സമയവും ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്ധനം ആവശ്യമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഡീസലിന്റേയും പെട്രോളിന്റേയും ഉപയോഗം സ്വകാര്യ ആവശ്യങ്ങള്‍ക്ക് പരമാവധി ചുരുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കിയശേഷം മാത്രം മറ്റ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പമ്പുകളിലെത്തി ഇന്ധനത്തിനായി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആര്‍മിയുടേയും എന്‍.ഡി.ആര്‍.എഫിന്റേയും ഫയര്‍ഫോഴ്‌സിന്റേയും ഐടിബിപിയുടേയും നേതൃത്വത്തിലാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് , ഡി.ഐ.ജി ഷഫീന്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാകളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കളക്ട്രേറ്റില്‍ പൂര്‍ണ സമയവും ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.